തൃശൂർ: തൃശൂർ താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം ഭക്ഷ്യധാന്യക്കിറ്റുകളുമായി സപ്ലൈകോ. കിറ്റുകളുടെ പാക്കിംഗ് തൃശൂർ ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലുമായി പുരോഗമിക്കുന്നു. നീല, വെള്ള റേഷൻ കാർഡുകൾക്കുള്ള ഒന്നരലക്ഷത്തോളം സൗജന്യ കിറ്റുകളാണ് ഇപ്പോൾ 22 മാവേലി സ്റ്റോറുകളോടും എട്ട് സൂപ്പർ മാർക്കറ്റുകളോടും ചേർന്നുള്ള പാക്കിംഗ് കേന്ദ്രങ്ങളിൽ തയ്യാറാക്കുന്നത്. 10.5 കിലോഗ്രാം തൂക്കം വരുന്ന ഒരു കിറ്റിൽ 17 ഇനങ്ങളാണുള്ളത്. പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ജില്ലയിലെ അതിഥി തൊഴിലാളികൾക്കുമുള്ള കിറ്റുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ചീഫ് വിപ്പ് കെ. രാജൻ, വിവിധ എം.എൽ.എമാർ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, എന്നിവർ പാക്കിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ചു.