തൃശൂർ: കേരളത്തിൽ കൃഷി വ്യാപകമാകുന്നുവെന്ന് വീമ്പു പറയുന്ന കൃഷി മന്ത്രിക്ക് സ്വന്തം തട്ടകത്തെ കൃഷി സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ബി. ജെ. പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. ഉദ്യോഗസ്ഥരും സി.പി.ഐ, സി.പി.എം, കോൺഗ്രസ് സഖ്യങ്ങൾ ചേർന്നുള്ള പാടശേഖര സമിതികളും ചേർന്ന് തയാറാക്കുന്ന കാർഷിക കലണ്ടർ കർഷകരുടെ നടുവൊടിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ വിളയാട്ടമാണ് അന്തിക്കാട് പാടശേഖര സമിതിയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയും ധൂർത്തും നടക്കുന്നത് മന്ത്രി കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിൽ നിന്നുള്ള വിഹിതം മന്ത്രിയുടെ പാർട്ടിക്ക് ലഭിക്കുന്നതാണ് ഈ മൗനത്തിനു കാരണം. മീൻ പിടുത്തം, ലേലം, കൊയ്ത്തു യന്ത്രം ഇറക്കൽ, നെല്ലെടുപ്പ് തുടങ്ങി എല്ലാ മേഖലയിലും അഴിമതിയാണ്. മറ്റു പടവുകളിൽ 15നു മുൻപ് കൊയ്ത്തു കഴിയുമ്പോൾ മന്ത്രിയുടെ തട്ടകത്ത് കർഷകർ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് കൊയ്ത്തു തന്നെ ഉപേക്ഷിക്കുന്ന ഘട്ടത്തിലാണ്. കൃത്യമായ കാർഷിക പദ്ധതി ഇല്ലാത്തതാണ് കർഷകരുടെ ഈ ഗതികേടിനു കാരണം.
ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന പ്രദേശത്ത് കർഷർക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദി നാട്ടുകാരനായ കൃഷിമന്ത്രി തന്നെയാണെന്ന് നാഗേഷ് കുറ്റപ്പെടുത്തി. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം. അഴിമതിയിൽ മുങ്ങി കുളിച്ച പാടശേഖര സമിതികൾ പിരിച്ചു വിടണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.