മാള: കൊവിഡ് കാലത്ത് നിരവധി ആക്ഷേപ ഹാസ്യ ഗാനങ്ങൾ വൈറലായിട്ടുണ്ടെങ്കിലും അതിൽ നിന്ന് വേറിട്ടൊരു ആശയമാണ് ഒരു കൂട്ടം കലാകാരൻമാർ ഒരുക്കിയത്. കൊവിഡ് 19 പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാലയളവിൽ മദ്യം ലഭിക്കാതെ വന്ന സാഹചര്യത്തിൽ ആ ശീലത്തിൽ നിന്ന് കരകയറുന്ന പ്രമേയത്തെ ആസ്പദമാക്കി ഒരുക്കിയ ഗാനമാണ് ഇപ്പോൾ വൈറലാകുന്നത്.
മദ്യമെന്ന നീരാളി പിടുത്തത്തിൽ നിന്ന് മെല്ലെ കരകയറുന്നതിന്റെ കാഴ്ചയാണ് ഈ ഗാനത്തിൽ ചിത്രീകരണത്തിലുള്ളത്. സത്യൻ വാണിയപ്പിള്ളി രചനയും അനിൽ മാള സംഗീതവും സംവിധാനവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ദീവാമൃത്, കാമറ ജിജോ ഭാവചിത്രയും രോഹിത് അമ്പാടിയും നിർവഹിച്ചു. ഷാജി കൊച്ചുകടവ്, സുഖേഷ് മോഹൻ, സത്യൻ വാണിയപ്പിള്ളി, സതീഷ് വാണിയപ്പിള്ളി,സലിംകുമാർ , കൃഷ്ണ, രമ്യ, നിവ, ലക്ഷ, അഷ്മിത്ത് എന്നിവർ അഭിനയിച്ചിരിക്കുന്നു.