hand-cut-sea-turtle
കടലാമ സംരക്ഷണ പ്രവർത്തകനും ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ. ജെയിംസ് എടക്കഴിയൂർ പഞ്ചവടി കടൽ തീരത്ത് കൈ മുറിഞ്ഞ കടലാമയോടൊപ്പം

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കടൽ തീരത്ത് കൈ മുറിഞ്ഞ കടലാമ തീരത്തണഞ്ഞു. ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട പെണ്ണാമയാണ് തീരത്തണഞ്ഞത്. വലതു ഭാഗത്തെ തുഴ കൈ മുറിഞ്ഞ് പോയി എല്ല് പുറത്തു കാണുന്ന നിലയിലായിരുന്നു. എടക്കഴിയൂരിലെ കടലാമ സംരക്ഷകരായ സലീം ഐഫോക്കസ്, ടി.എച്ച്. ഇജാസ്, എ.എം. നിയാസ് എന്നിവർ ചേർന്ന് ഗ്രീൻ ഹാബിറ്റാറ്റിന്റെ റെസ്‌ക്യു ചേമ്പറിലേക്ക് മാറ്റി. ഫോറസ്റ്റ് വകുപ്പിന്റെ വെറ്ററിനറി ഡോക്ടർ ഡേവീഡ് അബ്രാഹ്മിന്റെ നിർദേശത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ കൊണ്ടുവിടും.

കാലവർഷ സൂചനകൾ കടലിൽ ആരംഭിക്കുന്നതോടെ എല്ലാവർഷവും പരിക്കു പറ്റിയ, അവശരായ കടലാമകൾ തീരത്തണയാറുണ്ട്. കടലിലെ ശക്തമായ വലിവിൽപ്പെട്ട് ഗതി നഷ്ടപ്പെടുന്നതോടെയാണ് കടലാമകൾ തീരത്തേക്ക് അണയുന്നതെന്ന് കടലാമ സംരക്ഷണ പ്രവർത്തകനും ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ. ജെയിംസ് പറഞ്ഞു.

കടലാമ വാച്ചർമാരുടെ സന്നദ്ധ പ്രവർത്തനത്താലാണ് ഇവയെ സംരക്ഷിക്കുന്നത്. വനം വകുപ്പിൽ നിന്ന് വിദഗ്ദോപദേശം നൽകാറുണ്ട്. പരിക്ക് പറ്റിയ കടലാമകളെ സംരക്ഷിക്കാൻ സ്ഥിരമായ സംവിധാനം വേണമെന്ന് ഗ്രീൻ ഹാബിറ്റ് കടലാമ സംരക്ഷകരുടെ യോഗം വനം വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു. എൻ.ജെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.