കാഞ്ഞാണി: മണലൂർ പഞ്ചായത്ത് സമൂഹ പാചകപുര നടത്തിപ്പിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്. അഴിമതി അന്വോഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനു മുന്നിൽ അംഗങ്ങൾ ധർണ്ണ നടത്തി. സമൂഹ പാചകപുരയിലേക്ക് കിട്ടിയ സംഭാവനകളെ കുറിച്ചും ചെലവുകളെ കുറിച്ചും യാതൊരുവിധ രേഖകളും ഇല്ലെന്നും പാചകപുര നടത്തിപ്പിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് പ്രതിപക്ഷം രംഗത്ത് വന്നത്.
ഫ്രണ്ട് ഓഫിസിന് മുന്നിൽ നിന്ന് കിട്ടിയ 8000 രൂപയെ കുറിച്ച് മറച്ചുവയ്ക്കുകയും അഞ്ച് മാസമായിട്ടും എന്തു ചെയ്തുവെന്ന് ഒരു വിവരവുമില്ലെന്നും ഇതേക്കുറിച്ചും പാചകപുരയിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് റോബിൻ വടക്കേത്തലയുടെ നേതൃത്വത്തിൽ മെമ്പർമാരായ ജോൺസൻ പി.ടി, അശോകൻ വി.ജി, രാജിവ് പി.ആർ, പുഷ്പ വിശ്വംഭരൻ, സരിത ഷാജു, ഷിജില ധർണ്ണ നടത്തി.
ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ നിൽപ്പ് സമരം നടത്തി. പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന സമരത്തിൽ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയവരുടെ പേരു വിവരങ്ങൾ പരസ്യമാക്കണമെന്നും വരവ് ചെലവ് കണക്കുകൾ സുതാര്യമാക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിമൽ സി.വി ആവശ്യപ്പെട്ടു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, കെ.ബി. ജയറാം, എൻ.എസ്.യു.ഐ ദേശീയ കോ- ഓർഡിനേറ്റർ അഡ്വ. സുഷിൽ ഗോപാൽ, ഹറോൾഡ് പെരുമാടൻ, പോൺസൻ പോൾ എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തിരെഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രിയ പ്രേരിതമാണ്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. പഞ്ചായത്തിന്റെ നല്ല പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം.
- വിജി ശശി, പ്രസിഡന്റ്, മണലൂർ പഞ്ചായത്ത്