nanmanikara
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലിയേക്കര പാടശേഖരത്തിൽ കൊയ്ത്തിന് എത്തിയപ്പോൾ

പുതുക്കാട്: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കൊയ്ത്തുപാട്ടിന്റെ ഈണങ്ങളില്ലാതെ ആളും ആരവവുമില്ലാതെ പുലക്കാട്ടുകര പാടത്ത് കൊയ്ത്തുതുടങ്ങി.

അരനൂറ്റാണ്ട് മുമ്പ് വരെ വയലുകളായിരുന്ന ഇവിടെ നടന്ന അനിയന്ത്രിതമായ കളിമൺ ഖനനത്താൽ നിറയെ വെള്ളക്കുഴികൾ രൂപപ്പെടുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ചണ്ടിയും പുല്ലും വളർന്നു. പിന്നിട് വേനലിൽ കരിഞ്ഞുണങ്ങുന്ന പുല്ല് മഴ തുടങ്ങുന്നതോടെ ചിഞ്ഞളിയും ഇതോടെ കുഴികളിലെ വെള്ളം ക്രൂഡോയൽ പരുവത്തിലാവും. ഈ വെള്ളം ഒഴുകിയെത്തുന്നതോടെ കുടിവെള്ള സ്രോതസായ മണലി പുഴ മലിനമാകും. ഇതായിരുന്നു പതിവ്.

എന്നാൽ കുറച്ചുപേർ മുന്നിട്ടിറങ്ങിയതോടെ ഇതിന് മാറ്റം വരുകയായിരുന്നു. പഴയ ദേശീയ പാതക്ക് കിഴക്ക് വശത്ത് നൂറ് ഏക്കർ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്. അളഗപ്പനഗർ പഞ്ചായത്ത് അംഗവും ഹരിതസേനാംഗവുമായ സുനിത ഷാജുവിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യാൻ ഭുമി പരുവപെടുത്തിയത്. കൃഷി വകുപ്പ് എത്തിച്ച ആധുനിക കാർഷിക യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു കൃഷി പണികൾ. കൊടകര ബ്ലോക്ക് പഞ്ചായത്തും നെന്മണിക്കര ഗ്രാമപഞ്ചായത്തും സംയുക്തമായാണ് കൃഷി ഇറക്കൽ പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ജനുവരി17ന് മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പ്രൊഫ.സി. വീന്ദ്രനാഥ് എന്നിവർ പങ്കെടുത്ത ആഘോഷമായ ചടങ്ങിലായിരുന്നു നടീലിന് തുടക്കം കുറിച്ചത്.

..................

തരിശു പാടങ്ങൾ വീണ്ടെടുക്കാനുള്ള പ്രചോദനം

ജില്ലയിൽ തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് പൊന്നുവിളയിക്കാം എന്ന് തെളിയിക്കുകയായിരുന്നു നെന്മണിക്കര പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂഉടമകളിൽ നിന്നും നെൽവയല്ലകൾ മുന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയത്. മാലിന്യക്കുഴികളുടെ സ്ഥാനത്ത് കതിരണിഞ്ഞ നെൽപാടം രൂപപെട്ടപ്പോൾ നെന്മണിക്കരയുടെ നഷ്ട പ്രതാപം വീണ്ടെടുക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു,​ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സനോജ്, രജനി, കൃഷി ഡപ്യൂട്ടി ഡയറക്ടർ സരസ്വതി തുടങ്ങിയവർ പാടശേഖരത്ത് എത്തിയിരുന്നു.