ചാലക്കുടി: ലോക്ക് ഡൗൺ കാലത്ത് മാലിന്യ സംസ്‌കരണ സംസ്‌കാരം സൃഷ്ടിക്കുന്ന തയ്യാറാടെപ്പിലാണ് നഗരസഭാ കൗൺസിലർ ബിജു എസ്. ചിറയത്ത്. കൂടപ്പുഴയിലെ വീട്ടിലിരുന്ന് തയ്യാറാക്കിയ ബക്കറ്റ് കമ്പോസ്റ്റിന്റെ മാതൃക തന്റെ വാർഡിലെ എല്ലാ വീടുകളിലും എത്തിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് അഭിഭാഷകൻ കൂടിയായ ഇദ്ദേഹം.

കാര്യം ലളിതം

ഒഴിഞ്ഞൊരു പ്ലാസ്റ്റിക് ബക്കറ്റ് സംഘടിപ്പിക്കൽ മാത്രമാണ് ബക്കറ്റ് കമ്പോസ്റ്റിന്റെ ലളിതമായ ആദ്യകടമ്പ. വായു സഞ്ചാരത്തിനായി ഇതിൽ പലയിടത്തും തുളകൾ വേണം. പിന്നീട് ജൈവ മാലിന്യം സംസ്‌കരിക്കുന്ന പ്രക്രിയയിലേക്ക് നേരിട്ടിറങ്ങാം. ആദ്യമായി ബക്കറ്റിൽ അൽപ്പം മണ്ണു വിതറണം. ഇതിനു മുകളിൽ കഷണങ്ങളാക്കിയ ന്യൂസ് പേപ്പറും അതിനു മീതെ ഉണക്കിലകളും ഇടണം. തുടർന്ന് ഒരു ദിവസം വീട്ടിലുണ്ടാകുന്ന ജൈവ മാലിന്യം നിക്ഷേപിക്കാം. ഇവയുടെ മുകളിൽ അൽപ്പം തൈര് തളിച്ച ശേഷം വീണ്ടും അൽപ്പം മണ്ണിടണം. ശേഷം അടപ്പ് കൊണ്ട് മൂടിയശേഷം അടുത്ത ദിവസം ഇതേ പ്രക്രിയ തുടരാം. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യ നിക്ഷേപത്തിന് ശേഷം മാത്രം മണ്ണിട്ടാൽ മതിയാകും. നിറയുന്ന ബക്കറ്റ് മുപ്പതു ദിവസം മാറ്റി വയ്ക്കുന്നതോടെ ഒന്നാന്തരം വളമാണ് ലഭിക്കുക. ഇതിനിടെ മറ്റൊരു ബക്കറ്റിൽ സംസ്കരണം തുടരാം. ആദ്യ ബക്കറ്റിൽ നിന്നും കിട്ടുന്ന വളം ഉപയോഗമില്ലെങ്കിൽ അടുത്ത ബക്കറ്റിലെ പ്രക്രിയക്ക് മണ്ണിനു പകരമാക്കാം. വെയിലും മഴയും ഏൽക്കാത്തിടത്താണ് ബക്കറ്റുകൾ സൂക്ഷിക്കേണ്ടത്.

വലിച്ചെറിയൽ പ്രവണത അരുത്

സമൂഹ മാദ്ധ്യമം വഴിയുള്ള ബക്കറ്റ് കമ്പോസ്റ്റ് പ്രചരണം ഇതിനകം പത്തോളം വീട്ടുകാർ ഏറ്റെടുത്തിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുന്ന മനസുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. താത്പര്യമുള്ളവർക്ക് സർക്കാർ ഏജൻസി വഴി യാഥാർത്ഥ കമ്പോസ്റ്റ് ലഭ്യമാക്കുന്നതിന് സൗകര്യം ഒരുക്കാനും തയ്യാറാണ്.

- ബിജു ചിറയത്ത്