തൃശൂർ: ദേശീയപാത 544 വടക്കഞ്ചേരി മണ്ണുത്തി കുതിരാനിലുള്ള നിർമ്മാണ പ്രവൃത്തികൾ മഴയ്ക്ക് മുൻപ് തീർക്കാത്തപക്ഷം നിർമ്മാണക്കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ദുരന്തനിവാരണ ആക്ട് പ്രകാരം കരാർ കമ്പനിക്കും ഹൈവേ അതോറിറ്റിക്കുമെതിരെ കേസെടുക്കണമെന്നും കരാർ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്നും ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ പറഞ്ഞു. കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തികരിക്കാതെ ഒരു കാരണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ല.
ദേശീയ പാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുകയും വെള്ളം സുഗമമായി ഒഴുകുന്നതിന് കാനയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണം. ഇന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസും ചീഫ് വിപ്പ് കെ. രാജനും ദേശീയപാത നിർമ്മാണ മേഖല സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും.
ഡെപ്യൂട്ടി കളക്ടർ റെജിൽ, നാഷ്ണൽ ഹൈവേ അതോറിറ്റി പ്രതിനിധികൾ, പവർ ഗ്രിഡ്, നിർമ്മാണ കമ്പനി എക്‌സ്പ്രസ് വേ ലിമിറ്റഡ്, സോഷ്യൽ ഫോറസ്റ്റ്, പാണഞ്ചേരി പഞ്ചായത്ത് പ്രതിനിധികൾ, കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അശാസ്ത്രീയ നിർമ്മാണം മൂലം ഹൈവേയിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യസംഭവമാണ്. ഇത് രോഗങ്ങൾ പടരാനുള്ള സാദ്ധ്യത കൂട്ടുന്നുണ്ട്. മണ്ണുത്തി ബൈപ്പാസ് മുതൽ മുടിക്കോട്, പട്ടിക്കാട്, കൊമ്പഴ, ചുവന്നമണ്ണ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം നിരവധി സാംക്രമിക രോഗങ്ങൾ പടരാനുള്ള സാഹചര്യം കൂടുതലാണ്. വെള്ളക്കെട്ടും അപകടാവസ്ഥയും പരിഹരിക്കാതെ മറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ല.

- കെ.. രാജൻ,​ ചീഫ് വിപ്പ്