പുതുക്കാട്: ഇന്നലെ ഉച്ചത്തിരിഞ്ഞ് മൂന്നോടെ പെയ്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ്, നെന്മണിക്കര പഞ്ചായത്തിലെ പാലാഴി എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ. മുളങ്ങ് കൊറ്റിക്കൽ ഷൈജുവിന്റെ 350 വാഴകളും തെങ്ങ്, ജാതി, കവുങ്ങ് മുതലായവയും വീണു.
ചീരമ്പത്ത് മാണികുട്ടി, സോന ലാൽ എന്നിവർ പാട്ടത്തിന് എടുത്ത ഭൂമിയിൽ കൃഷി ചെയ്ത നേന്ത്രവാഴയിൽ വിളവെടുപ്പ് നടത്താറായ 600 ഓളം വാഴകൾ നശിച്ചു. മുളങ്ങ് വടക്കുമുറി പ്രദേശത്ത് വ്യാപക കൃഷി നാശം ഉണ്ടായി. പുളിക്കൽ സുജിത്ത്, തോട്ടത്തിൽ ദാസൻ എന്നിവരുടെ നൂറുക്കണക്കിന് വാഴകളും, ഒട്ടേറെ പേരുടെ ജാതി മരങ്ങളും കടപുഴകി വീണു. രണ്ട് തവണ വെള്ളം കയറിയ പ്രദേശമായതുകൊണ്ട് ഈ വിളകൾക്കൊന്നും ഇൻഷൂർ ചെയ്യുവാൻ ഇൻഷ്വറൻസ് കമ്പനികൾ തയ്യാറാകാതിരുന്നത് കർഷകർക്ക് വലിയ ദുരിതമായി.
പാഴായി ഉന്നംപ്പിള്ളി കോരൻ, രാമൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീടുകൾ തകർന്നു. മുരളിയുടെ വീടിനു മുകളിലൂടെ ജാതി കടപുഴകി വീണു. മാടക്കായി ചന്ദ്രന്റെ വീടിനു മുകളിൽ തെങ്ങ് വീണു. നടപറമ്പിൽ മോഹനൻ, വെള്ളാപ്പറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് മുകളിലും ജാതിമരം കടപുഴകി വീണു. വെള്ളാംപറമ്പിൽ രാമകൃഷ്ണൻ, ചന്ദ്രഹാസൻ, സുരേന്ദ്രൻ എന്നിവരുടെ ജാതി മരങ്ങൾ കടപുഴകി വീണു. കാത്തിരപ്പിള്ളി സുരേന്ദ്രന്റെ വീടിനു മുകളിൽ മരം വീണ് കേടുപാടുകൾ പറ്റി. കോവാത്ത് അനിൽകുമാർ, കോപ്പാട്ടിൽ സതീശൻ, മനോജ് എന്നിവരുടെ നൂറു വാഴകൾ വീതം ഒടിഞ്ഞു. നിരവധി വൈദ്യുതി കാലുകൾ മരം വീണ് മറിഞ്ഞു. കമ്പി പൊട്ടി വൈദ്യുതി ബന്ധം നിലച്ചു. പുതുക്കാട് കുറുമാലിയിൽ ദേശിയ പാതയോരത്തെ
ഒട്ടേറെ പരസ്യബോർഡുകൾ തകർന്നു വൈദ്യുതി ലൈനുകളിൽ വീണു.