പെരിങ്ങോട്ടുകര: ആംബുലൻസ് മറിഞ്ഞ് മരിച്ച നഴ്‌സ് ഡോണയ്ക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അന്തിക്കാട് ഗവ ആശുപത്രിയിലെ 108 ആംബുലൻസിലെ നഴ്‌സായ പെരിങ്ങോട്ടുകര താണിക്കൽ ചമ്മണത്ത് വീട്ടിൽ വർഗീസിന്റെ മകൾ ഡോണയുടെ സംസ്കാരച്ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. പോസ്റ്റ് മോർട്ടത്തിനു ശേഷം മ്യതദേഹം അന്തിക്കാട് ഗവ. ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് കെ. രാജൻ, അന്തിക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പത്ത് ആംബുലൻസുകളുടെ അകമ്പടിയോടെ മ്യതദേഹം പെരിങ്ങോട്ടുകരയിലെ വസതിയിലെത്തിച്ചു. ജില്ലാ കലക്ടർ എസ്. ഷാനവാസ്, ടി.എൻ. പ്രതാപൻ എം.പി, ഗീത ഗോപി എം.എൽ.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഇടവക വികാരി ഫാ. ടോണി റോസ് വാഴപ്പുള്ളി സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പെരിങ്ങോട്ടുകര സെന്റ് മേരീസ് ദേവാലയത്തിൽ സംസ്കാരം നടത്തി. തിങ്കളാഴ്ച വൈകീട്ട് ഏഴിന് അന്തിക്കാട് ആൽ സെന്ററിൽ വച്ചുണ്ടായ അപകടത്തിലാണ് നഴ്‌സ് ഡോണ കൊല്ലപ്പെട്ടത്. കാഞ്ഞാണിയിൽ നിന്ന് ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ പോകുമ്പോഴായിരുന്നു അപകടം.