തൃശൂർ. വ്യാപകമായ വാറ്റ് കേന്ദ്രങ്ങൾക്ക് പിന്നാലെ എക്‌സൈസ് വകുപ്പിന് ഭീഷണിയായി സ്പിരിറ്റ് കടത്തും. കഴിഞ്ഞ ദിവസം എക്‌സൈസിനെയും പൊലീസിനെയും വെട്ടിച്ച് പാലക്കാട്ട് ഭാഗത്തേക്ക് സ്പിരിറ്റ് വാഹനം രക്ഷപെട്ടതിനു പുറമെ ജില്ലയിലേക്ക് വൻതോതിൽ സ്പിരിറ്റ് ഒഴുകുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. വ്യാജ വാറ്റ് കേന്ദ്രങ്ങൾ അനുദിനം വർദ്ധിക്കുന്നതിനിടെയാണ് സ്പിരിറ്റ് മാഫിയയും സജീവമാകുന്നത്.
സ്പിരിറ്റ് കടത്തു സംഘത്തെ കുറിച്ചുള്ള അന്വഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെയോ സ്പിരിറ്റോ കണ്ടെത്താനായിട്ടില്ല. ദേശീയപാതയിലെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വഷണം നടക്കുന്നത്. വടക്കഞ്ചേരി മംഗലം ഭാഗത്തേക്കാണ് രക്ഷപെട്ടിരിക്കുന്നത്.
ചരക്ക് ലോറികളിൽ സ്പിരിറ്റ് കടത്തി സൂക്ഷിച്ച ശേഷം വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. വാറ്റ് കേന്ദ്രങ്ങളിൽ എക്‌സ് സൈസിന്റെ പരിശോധന കർശനമായി നടക്കുന്നുണ്ട്. ഇന്നലെ തിരൂർ, മുണ്ടത്തിക്കോട്, പീച്ചി മേഖലകളിൽ നിന്ന് ചാരായവും വാഷും പിടികൂടിയിരുന്നു.
സ്പിരിറ്റ് കടത്തിന് സാനിറ്റൈസർ ലേബൽ
സ്പിരിറ്റ് കടത്താൻ മാഫിയ ഉപയോഗിക്കുന്നത് സാനിറ്റൈസർ ലേബലാണെന്ന് എക്‌സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. സാനിറ്റൈസർ ആണെങ്കിൽ കർശന പരിശോധന ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരം മാർഗത്തിലേക്ക് കടന്നത്.
ചരക്ക് ലോറികളിലും കടത്ത്
തമിഴ്നാട്, കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പച്ചക്കറികൾ, മറ്റ് ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്ന ചരക്കു ലോറികളിൽ സ്പിരിറ്റ് കടത്തു വ്യാപകമാണ്
ലോക്ക് ഡൗൺ ഇളവും ഭീഷണി
ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ജില്ലയിലേക്ക് വരുന്നവരുടെയും വാഹനങ്ങളുടെയും എണ്ണം വർദ്ധിച്ചതും ഭീഷണിയാകുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അതിനാൽ പരിശോധന വേണ്ടരീതിയിൽ നടക്കില്ല. ഗ്രീൻ സോൺ ആയതോടെ ജില്ലയ്ക്കുളിലെ വാഹന പരിശോധന കുറഞ്ഞതും ഇവർക്ക് സഹായകരമായിരിക്കുകയാണ്.
ലോക് ഡൗൺ കാലത്തെ കേസുകൾ
അബ്കാരി കേസ് - 89
അറസ്റ്റ് - 40
നിരോധിത പുകയില വിൽപ്പന കേസ് - 133
ചാരായം - 130 ലിറ്റർ
അരിഷ്ടം - 87 ലിറ്റർ
കഞ്ചാവ് - 232 ഗ്രാം
കഞ്ചാവ് ചെടികൾ - 56
ജില്ല ഗ്രീൻ സോൺ ആയെങ്കിലും എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ യാതൊരു ഇളവും വരുത്തിയിട്ടില്ല. കർശനമായി റൈഡ് തുടരുകയാണ്.
- സാനു, എക്‌സൈസ്, ഡെപ്യൂട്ടി കമ്മിഷണർ