തൃപ്രയാർ: ഇല്ലായ്മയും ദാരിദ്ര്യവും വന്നു വലയ്ക്കുമ്പോഴും അവയ്ക്കെതിരെ തൂലിക പടവാളാക്കി പടപൊരുതി ജീവിതവിജയം നേടാനുള്ള ശ്രമത്തിലാണ് പ്രേംദാസ് ഗുരുവായൂർ എന്ന ഗാനരചയിതാവ് പ്രേമൻ ഗുരുവായൂർ. പ്രഭാത വിശുദ്ധിയിൽ കർഷകർ കുടുംബത്തെ ഉണർത്തുന്ന നാടൻ ഗാനമാണ് ആദ്യം പ്രേമൻ എഴുതിയത്.
രാമു കാര്യാട്ടിന്റെ നാട്ടിലെ കലാകാരൻ ബാബു ചേറ്റുവയും അദ്ദേഹത്തിന്റെ സുഹ്യത്തുക്കളും ചേർന്നു നിർമ്മിച്ച മാരി വില്ല് എന്ന ഓഡിയോ കാസറ്റിൽ കിഴക്കുദയൻ.... ....എന്ന വരികളിലൂടെയാണ് ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. കവികളായ സലീം രാജ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർക്കൊപ്പം റിയാദ്- രാജേഷ് ആണ് സംഗീതം നൽകിയത്.
തുടർന്ന് നൂറുകണക്കിന് ഗാനങ്ങൾ രചിച്ചു. ഡോ കെ.ജെ യേശുദാസിനെ എട്ടാമത് ദേശീയ പുരസ്കാരത്തിന് അർഹമാക്കിയ ഗാനത്തിന്റെ രചയിതാവുമാണ് ഇദ്ദേഹം. യേശുദാസിന് ലഭിച്ച് ബഹുമതി തനിക്കു കൂടി ലഭിച്ച അംഗീകാരമായാണ് പ്രേമൻ കാണുന്നത്. പോയ് മറഞ്ഞ കാലം വന്നു ചേരുമോ, പെയ്തോഴിഞ്ഞ മേഘം വാനം തേടുമോ എന്ന വരികൾ ഇളനീരിന്റെ മാധുര്യമുള്ള വരികളെന്നാണ് ഗാനനിരൂപകൻ ടി.പി ശാസ്തമംഗലം ഉപമിച്ചത്.
എല്ലാ മതസ്ഥർക്കുമായി ഒരേ വികാരത്തോടെ ഭക്തിഗാനങ്ങൾ രചിച്ച വ്യക്തിത്വത്തിനുടമ കൂടിയാണ് ഇദ്ദേഹം. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുഴയോരത്തും ഗുരുവായൂരിലും രാത്രി എറെ വൈകിയാൽ പോലും പ്രേമനുമൊത്തുള്ള സംഗീത സല്ലാപങ്ങൾ ആനന്ദ ദായകങ്ങളെന്ന് അടുത്ത സുഹ്യത്ത് കവി കെ. ദിനേശ് രാജ പറഞ്ഞു. തന്റെ വരികൾ സാർത്ഥകമായിരിക്കണമെന്ന നിർബന്ധ ബുദ്ധിയുള്ള ഗാനരചയിതാവാണ് പ്രേമനെന്നും ദിനേശ് രാജ പറയുന്നു.
ഇപ്പോൾ ഗോകുലം എന്ന പേരിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചതും രാജേഷ് ക്യഷ്ണൻ സംഗീതം നിർവഹിച്ചതുമായ ആൽബത്തിൽ 10 ഓളം ഗാനങ്ങൾ ഉൾപ്പെടെ 4 ചിത്രങ്ങളിലായി 15 ഓളം ഗാനങ്ങളും പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് പ്രേമൻ ഗുരുവായൂർ. നാട്ടിക മണപ്പുറത്തെ തൃപ്രയാർ സ്വദേശിയായ ഇദ്ദേഹം നല്ലൊരു സുഹൃദ് വലയവും തനിക്കുചുറ്റുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.