മാള: കൊറോണ വൈറസ്, ലോക്ക് ഡൗൺ ഇതൊന്നും കണ്ണനെ അലട്ടുന്നില്ല... ഈ ലോക്ക് ഡൗണൊന്നും ഓട്ടോ ഡ്രൈവറായ ഇയാൾക്ക് തടസമല്ല. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ തന്നെ ഈ ഓട്ടോ ഡ്രൈവർ കൃഷിയിൽ നടത്തിയ പരീക്ഷണം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ്. ലോക്ക് ഡൗണിൽ ഓട്ടോറിക്ഷ കയറ്റിയിട്ടപ്പോൾ കണ്ണൻ കൃഷി ചെയ്ത ചോളം കായ്ച്ചു.
ഓട്ടോറിക്ഷാ ഡ്രൈവറായ അന്നമനട വെണ്ണൂർ കൊമ്പിലാംപറമ്പിൽ കണ്ണൻ ലോക്ക് ഡൗൺ തുടങ്ങുമ്പോൾ വിത്തിട്ട ചോളമാണ് ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാവുന്ന നിലയിലെത്തിയത്. ചോളത്തിനിടെ കൃഷിയിറക്കിയ പയർ മൂന്നാഴ്ചയായി വിളവെടുക്കുന്നുണ്ട്. കൂടാതെ മത്തനും കുമ്പളവും ഇതിനിടെ കൃഷി ചെയ്തിട്ടുണ്ട്.
മാള മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ചോളം വ്യാപകമായി കൃഷി ചെയ്യുന്നത്. വീടിനോട് ചേർന്നുള്ള 30 സെന്റ് നെൽവയൽ എടുത്താണ് കൃഷിയിറക്കിയത്. വെണ്ണൂരിലെ മൂന്ന് സെന്റ് സ്ഥലത്തുള്ള വീടും കൃഷിയും പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന് ഭാര്യയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തിലും കൂടി ചെറിയ തോതിൽ കൃഷി ചെയ്തിരുന്നു.
അതിനിടെ ലോക്ക് ഡൗൺ വന്നപ്പോഴാണ് വേറിട്ടൊരു ആശയം കാർഷിക മേഖലയിൽ പരീക്ഷിച്ചത്. ഒരു കിലോയോളം ചോളമാണ് കൃഷി ചെയ്തത്. നാടൻ വളങ്ങൾ ഉപയോഗിച്ചപ്പോൾ വേഗത്തിൽ വളർന്ന് കായകൾ ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും പല പരീക്ഷണം നടത്തിയപ്പോൾ കണ്ണൻ കാർഷിക മേഖലയിൽ വേറിട്ട വഴി തുറക്കുകയായിരുന്നു. കാരുണ്യപ്രവർത്തനത്തിലും കണ്ണൻ വ്യത്യസ്തനാണ്. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് ജീവകാരുണ്യത്തിനായി വിനിയോഗിക്കും. കണ്ണനും സുഹൃത്തായ വേണുവും ചേർന്ന് 15 വർഷമായി എല്ലാ ഞായറാഴ്ചകളിലും മാള സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചുക്ക് കാപ്പിയും ബ്രഡും നൽകുന്നുണ്ട്.