president
പഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്റെ നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ബാങ്കിലെത്തി പ്രതിഷേധിക്കുന്നു

എരുമപ്പെട്ടി: കാത്തലിക്ക് സിറിയൻ ബാങ്കിൻ്റെ നെല്ലുവായ് ബ്രാഞ്ചിൽ അക്കൗണ്ടുള്ള നിർധന കുടുംബാംഗമായ ഭിന്നശേഷിക്കാരിക്ക് സർക്കാരിൽ നിന്ന് അനുവദിച്ച പെൻഷൻ തുക നൽകാൻ തയ്യാറായില്ലെന്ന് പരാതി. പഞ്ചായത്ത് പ്രസിഡൻ്റ് മീന ശലമോൻ്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും നാട്ടുകാരും ബാങ്കിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. നെല്ലുവായ് താഴത്തേതിൽ രാജൻ്റെ മകൾ അജിതയുടെ പെൻഷൻ തുകയാണ് നൽകാതിരുന്നത്.

അജിതയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായതിനാൽ പിതാവ് രാജനാണ് അജിത ഒപ്പുവെച്ച ചെക്കുമായി ബാങ്കിലെത്തി പണം കൈപറ്റാറുള്ളത്. എന്നാൽ ഇത്തവണ എത്തിയപ്പോൾ ചെക്കിലെ ഒപ്പ് വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് മടക്കിയത്. ഇതിന് മുമ്പ് നിരവധി തവണ ഈ ഒപ്പിൽ ചെക്ക്‌ പാസാക്കി മാനേജർ പണം അനുവദിച്ചിട്ടുണ്ട്. 2019 ഒക്ടോബർ മുതൽ 2020 ഏപ്രിൽ വരെ രണ്ട് ഘട്ടങ്ങളിലുള്ള പെൻഷൻ തുക 8500 രൂപയാണ് അക്കൗണ്ടിൽ എത്തിയത്. ഇത് എടുക്കുന്നതിനായി രണ്ട് മാസത്തോളമായി രാജൻ ബാങ്കിൽ കയറിയിറങ്ങുന്നു. ഭിന്നശേഷിയും മാനസിക വൈകല്യമുള്ള വ്യക്തിയാണ് മകളെന്ന് തെളിയിക്കുന്ന രേഖയും പിന്നീട് പിതാവുമായി ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ ചെക്ക് പാസാക്കാമെന്ന് മാനേജർ അറിയിച്ചു. രേഖകൾ എത്തിച്ചപ്പോൾ റിലേഷൻ സർട്ടിഫിക്കറ്റിലെ കുടുംബാഗംങ്ങൾ നേരിട്ട് ബാങ്കിലെത്തി അനുമതി പത്രത്തിൽ ഒപ്പിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ പെൻഷൻ തുക നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും സന്നദ്ധ പ്രവർത്തകരായ സി.വി. ബേബി, മിഥുൻ നെല്ലുവായ്, സജീഷ് നെല്ലുവായ്എന്നിവർ അഭ്യർത്ഥിച്ചെങ്കിലും മാനേജർ തയ്യാറായില്ല. മൂന്ന് മണിക്കൂറോളം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ചെക്ക് സ്വീകരിച്ച് പണം നൽകാൻ മനേജർ തയ്യാറാവുകയായിരുന്നു.

എരുമപ്പെട്ടി എസ്.ഐ പി.ആർ. രാജീവ്, എ.എസ്.ഐ ജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. സാങ്കേതിക പ്രശ്നങ്ങളുള്ളതിനാലാണ് ചെക്ക് പാസാക്കാതിരുന്നതെന്ന് മാനേജർ ജോൺ പീറ്റർ അറിയിച്ചു. മാനസിക വൈകല്യമുള്ള മകളും കാൻസർ ബാധിച്ച ഭാര്യയും അടങ്ങുന്ന രാജൻ്റെ കുടുംബം ഇവർക്ക് ലഭിക്കുന്ന പെൻഷൻ തുകകൊണ്ടാണ് മരുന്ന് വാങ്ങുന്നതും വീട്ടുചെലവ് നടത്തുന്നതും. നിർധന കുടുംബത്തിൻ്റെ പെൻഷൻ തടഞ്ഞ് വെച്ച മാനേജർക്കെതിരെ പരാതി നൽകുമെന്നും ഇവരുടെ ഈ ബാങ്കിലെ അക്കൗണ്ട് അവസാനിപ്പിച്ച് പെൻഷൻ തുക വീട്ടിലെത്തിക്കാൻ നടപടി സ്വീകരികരിച്ചതായും പ്രസിഡൻ്റ് മീന ശലമോൻ അറിയിച്ചു.