എരുമപ്പെട്ടി: കൊവിഡ് 19 മായി ബന്ധപ്പെട്ട മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകൾ. എരുമപ്പെട്ടി പഞ്ചായത്തിൽ 523 പ്രവാസികളാണ് മടങ്ങിവരാൻ സന്നദ്ധത അറിയിച്ചത്. 406 പേർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 117 പേർക്കാണ് ക്വാറന്റൈനിൽ സൗകര്യം ഒരുക്കേണ്ടത്. എരുമപ്പെട്ടി റംലി യത്തീംഖാന, പ്രസിഡൻസി കോളേജ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, സ്വകാര്യ വ്യക്തികളുടെ വീടുകൾ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്.

കടങ്ങോട് പഞ്ചായത്തിൽ 583 പ്രവാസികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 521 പേർ വീട്ടിൽ സൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 62പേർക്കാണ് സൗകര്യം ഒരുക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 144 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാഗ്രതാ സൈറ്റിൽ 171 പേരുണ്ട്. ഇതിൽ 27 പേർക്കാണ് ക്വാറൻ്റൈൻ സൗകര്യം ഒരുക്കേണ്ടത്. ഗ്രാമപഞ്ചായത്ത്, വെള്ളറക്കാട് തേജസ്, അക്കിക്കാവ് റോയൽ എൻജിനിയറിംഗ് കൊളേജുകൾ, എയ്യലക്കാട് മതപഠന കേന്ദ്രം, വെളളറക്കാട് ആയൂർവേദ ആശുപത്രി എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്മാരായ മീന ശലമോൻ, രമണി രാജൻ എന്നിവർ അറിയിച്ചു.