pooram

''കാന്താ ഞാനും വരാം,

തൃശൂർ പൂരം കാണാൻ...''

പൂരത്തിന് മാസങ്ങൾക്ക് മുൻപേ കാണുന്നേടത്തും കേൾക്കുന്നേടത്തുമെല്ലാം കേൾക്കാറുളള ഇൗയൊരു പാട്ട് ഇൗയാണ്ടിൽ കേട്ടില്ല. രാജ്യം ലോക്കായപ്പോൾ തന്നെ തൃശൂരുകാർ നിരീക്ഷിച്ചു, ഇൗയാണ്ടില് മ്മക്ക് പൂരല്ല്യാട്ടാ... ചുരുങ്ങിയത് ഒരു മാസം മുൻപെങ്കിലും തയ്യാറെടുക്കാൻ പറ്റില്ലെങ്കിൽ പിന്നെന്ത് പൂരം? പേരിനൊരു പൂരം ആർക്ക് വേണം. ഇമ്മട്ടിലായിരുന്നു വടക്കുന്നാഥനുചുറ്റും മനസ് കൊണ്ട് ഒാടിക്കളിച്ചവരുടെ ചിന്താപൂരം. ഒടുവിൽ അത് തന്നെ സംഭവിച്ചു. പേരിനൊരു പൂരം പോലും ഇല്ലാതെ പൂരത്തിൻ്റെ ചരിത്രപുസ്തകം ആലവട്ടവും വെഞ്ചാമരവും വീശി.

അപ്പനപ്പൂപ്പൻമാരൊന്നും കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്തൊരു പൂരം, കാലം. വെളേളപ്പങ്ങാടീല് പലവലിപ്പത്തില്‍ ഭാവഗരിമകളില്‍ പലമട്ട്‌ വെളേളപ്പങ്ങൾ വെറുതേ മലർന്നുകിടന്നു. പീപ്പിക്കച്ചവടക്കാരൻ കാറ്റുപോയ ബലൂണായി. ആനച്ചമയം വിൽക്കുന്ന സ്വാമിമാര് കുഴിയാനകളെ എണ്ണി അന്തിച്ചിരുന്നു. ഒരാനപ്പുറത്ത് പോലും എഴുന്നളളിക്കാതെ, വെറും അഞ്ചുപേരുടെ കൺവെട്ടത്ത് തിരുവമ്പാടി, പാറേമേക്കാവ് ഭഗവതിമാർ ആറാട്ടിന് പോയി. ആചാരങ്ങളും ചടങ്ങുകളും ഇട്ടാവട്ടത്തിൽ ഒതുങ്ങിക്കൂടി. അങ്ങനെ മേയ് രണ്ടിലെ പൂരദിനം കടന്നുപോയി.

പൂരപ്രദർശനം വേണ്ടെന്ന് വെച്ചതോടെ പൂരപ്രേമിക്കൂട്ടങ്ങളുടെ സകലഗ്യാസും പോയിരുന്നു. കോടികളുടെ നഷ്ടം എന്നത് കൊട്ടക്കണക്കല്ല, ചോപ്പുമിഠായിക്കാരൻ മുതൽ ആനമുതലാളി വരെയുളളവരുടെ നഷ്ടം കൂട്ടി നോക്കൂ. അതിലപ്പുറമല്ലേ യുനെസ്കോ കുറിച്ചിട്ട ലോകവിസ്മയ നഷ്ടം.

പത്തുലക്ഷം പേർ പൂരത്തിന് എത്തുന്നുവെന്നതും കൊട്ടക്കണക്കല്ല, മനക്കണക്കാണ്. മനസ് കൊണ്ടും കണ്ണുകൊണ്ടും ഒാരാ ആണ്ടിലും പൂരം നുകരുന്നവർ എത്രയുണ്ടാകും? എന്തായാലും എങ്ങനെയായാലും എല്ലാം ത്യജിച്ച്, എല്ലാവരും ത്യാഗികളായി. മനുഷ്യസമൂഹത്തിന് വേണ്ടി, വൈറസ് എന്നൊരു മഹാഭൂതത്തെ പിടിച്ചുകെട്ടുന്ന ഭാസുരമായ ഭാവികാലത്തിനായി...

വിശ്വരൂപനായ വൈറസ് രാജ്യത്ത് ആദ്യം സ്ഥിരീകരിച്ചത് ഇൗ തൃശൂരിലായിരുന്നു, കഴിഞ്ഞ ജനുവരി 30 ന്. അന്ന് കൊറോണയെന്നും ഇന്ന് കൊവിഡ് 19 എന്നും വിളിക്കുന്ന വൈറസ്, ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് ബാധിച്ചപ്പോൾ ആരോഗ്യകേരളവും ആരോഗ്യഭാരതവും ഉണർന്നു. ആഗോളമഹാമാരിയെ മെരുക്കാനുളള എല്ലാ തന്ത്രങ്ങളും പുറത്തെടുത്തതും തൃശൂരിലായിരുന്നു. ആ തൃശൂരാണ് കഴിഞ്ഞമാസം കൊവിഡ് വിമുക്തമായത്. ജില്ല പച്ചപിടിച്ച് ഗ്രീൻസോണിലായി. എങ്കിലും തുടരുകയാണ് ജാഗ്രത. മേയിലെ ഏഴുദിനം പിന്നിടുമ്പോൾ നിരീക്ഷണത്തിലുളളവർ

755പേർമാത്രം. തൃശൂരിൽ അന്ന് പ്രയോഗിച്ച പ്രോട്ടോകോളാണ് രാജ്യമെങ്ങും തുടരുന്നത്. പൂര പെരുമ നഷ്ടപ്പെട്ടപ്പോൾ അങ്ങനെയുമുണ്ടായി ഒരു ഗരിമ.

----------

പൂരലഹരി മാത്രമല്ല മറ്റെല്ലാ ലഹരികളിലും കൊലകൊമ്പൻമാരുണ്ട് തൃശൂരിൽ. ഇടുക്കിയിലും തമിഴ്നാട്ടിലും വിളയുന്ന ചടയൻമാരെല്ലാം പുകയുന്ന നഗരങ്ങളും ഗ്രാമങ്ങളും തൃശൂരുണ്ട്. അതിരപ്പിളളി മുതൽ വാഴാനി വരെ നീണ്ടുകിടക്കുന്ന കാടിൻ തണലിൽ നുരയുന്നതെല്ലാം നുണയുന്നവരും ഏറെയുണ്ട്. അതിനുളള തെളിവായിരുന്നു മേയ് നാലിന് പുലർച്ചെ ചാലക്കുടിയിൽ നിന്ന് എക്സൈസിനേയും പൊലീസിനേയും വെട്ടിച്ച് പാഞ്ഞ സ്പിരിറ്റ് ലോറി. മംഗലം ഡാമിൻ്റെ ഉൾക്കാടിലേക്ക് ആ ലോറി പോയിമറഞ്ഞെങ്കിലും രണ്ടുദിവസത്തിനുളളിൽ പിടികൂടി, അപ്പോഴേയ്ക്കും സ്പിരിറ്റ് തവിടുപൊടിയായി മാറിയിരുന്നു. പിന്നെ കുറച്ച് പുകയില ഉത്പന്നങ്ങളും. ചില്ലറക്കാശ് അടച്ചാൽ രക്ഷപ്പെടാവുന്ന കുറ്റം മാത്രം. ആരാണ് ഒത്തുകളിച്ചതെന്ന് ആർക്കാണ് അറിയാത്തത്? വ്യാഴാഴ്ചയാകുമ്പോഴേയ്ക്കും നഗരമദ്ധ്യത്തിൽ, ചെമ്പൂക്കാവിൽ നിന്നും പിടിച്ചു, മുപ്പത് ലക്ഷത്തിൻ്റെ പുകയില ഉത്പന്നങ്ങൾ. അതും വെറുതേ പുകഞ്ഞുപോകുന്ന കേസാണെന്ന് ആരും പറയാതിരിക്കട്ടെ.

----------

ഇനി പ്രവാസികളുടെ വരവിനായുളള കാത്തിരിപ്പാണ്. മലപ്പുറം കഴിഞ്ഞാൽ ഗൾഫ് രാജ്യത്തിലുളളവർ ഏറെയും തൃശൂരിലാണ്. അതും തീരദേശമേഖലയിൽ. മിനിഗൾഫാണ് ചാവക്കാട്. അവിടെയെല്ലാം പ്രവാസികൾ നിറയും. . വിപണി തകർന്നടിയുമ്പോൾ, പ്രവാസികൾ ജോലിയില്ലാതെ തിരിച്ചെത്തുമ്പോൾ കാലിന്നടിയിലെ മണ്ണ് ചോരാതെ പിടിച്ചുനിൽക്കാനാണ് ശ്രമം. ഒന്ന് മുണ്ടുമുറുക്കിയുടുക്കേണ്ടി വരും.

ഷവർമ്മ എന്ന് പറഞ്ഞവർ "ദോശ..." എന്ന് ഓർഡർ നല്‍കി ചായപ്പീടികയിലിരിക്കേണ്ടി വന്നാലും അതിൽ സന്തോഷം കണ്ടെത്തണം. "എന്തുട്ടാ കറി വേണ്ടേ?" എന്ന് ചോദിച്ചാൽ "ചട്‌ണില്ലെങ്കിലും ചമ്മന്തി കിട്ട്യാ അഡ്ജസ്റ്റ് ചെയ്യാം" എന്ന് പറയുമ്പോഴും സ്വയം ആനന്ദിക്കുക.

കാരണം, മ്മ്ള് അതിജീവിച്ചേ പറ്റൂ... ഇത്തിര്യോളം കഷ്ടപ്പെട്ടാലും...