crime

തൃശൂർ: മണ്ണാർക്കാട് നിന്നും പെരുമ്പാവൂരിലേക്ക് മാമ്പഴവുമായി എത്തിയ പിക്കപ്പ് വാനിൽ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ തൃശൂർ എക്‌സൈസ് ഇന്റലിജൻസ് പിടികൂടി. വാനിലുണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്‌ മണ്ണാർക്കാട് നാട്ടുകല്ല് കൂളായ്ക്കൽ ചോല വീട്ടിൽ മുഹമ്മദ്‌ സാജിർ (35), പാലോട് കുന്നത്തുവീട്ടിൽ അബ്ദുൽ സലിം (35) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ദേശീയപാതയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ നിറുത്താതെ പോയ വാഹനത്തെ പിന്തുടർന്ന് തൃശൂർ ചെമ്പൂക്കാവിൽ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 15 ചാക്കുകളിലായി 25,000 പാക്കറ്റ് ഹാൻസ് മാമ്പഴത്തിന്റെ അടിയിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. മണ്ണാർക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ തമിഴ്നാട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ ചാക്ക് കണക്കിന് വാങ്ങുന്നത്. ഒരു പാക്കറ്റിന് നൂറ് രൂപ നിരക്കിലാണ് വിൽക്കുന്നത്. പിടിയിലായ സാജിർ മുമ്പ് പുകയില കടത്തിയ കേസിൽ പ്രതിയാണ്.