കുണ്ടുകുഴിപ്പാടം പ്രദേശത്തെ സബ് കനാൽ
കുറ്റിച്ചിറ: കോടശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡിൽ കുണ്ടുകുഴിപ്പാടം പ്രദേശത്ത് കൂടെയുള്ള സബ് കനാൽ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നു. മഴക്കാലമായാൽ മഴവെള്ളം നിറഞ്ഞ് കവിഞ്ഞ് വെള്ളം എതിർ ദിശയിലേക്കാണ് ഇവിടെ ഒഴുകുന്നത്. മഴവെള്ളം കനാലിന്റെ താഴെയുള്ള വീടുകളിലേക്കും കിണറുകളിലേക്കും പറമ്പുകളിലും ഒഴുകുന്നതും സ്ഥിരം സംഭവമാണ്. ഇതോടെ കിണറുകളിൽ ചെളിവെള്ളം വന്ന് നിറയുന്നതിനാൽ വെള്ളം ഉപയോഗിക്കാൻ കഴിയാറില്ല. മഴക്കാലമായാൽ കനാലിന് താഴെ താമസിക്കുന്ന വീട്ടുകാർക്ക് രാത്രി കാലങ്ങളിൽ ഉറങ്ങാൻ കഴിയാറില്ലെന്നും പറയുന്നു.
കനാലിന്റെ ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചാൽ മഴവെള്ളം നിറഞ്ഞ് കവിഞ്ഞ് പോകില്ല. പ്രശ്നപരിഹാരത്തിനായി ഗ്രാമസഭകളിലും കോടശ്ശേരി പഞ്ചായത്ത്, ഇറിഗേഷൻ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
മഴക്കാലത്ത് കനാൽ വെള്ളം നിറഞ്ഞ് വീടുകളിലേക്ക് ഒഴുകി വരുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുണ്ടുകുഴിപ്പാടം ചങ്ങാതിക്കൂട്ടം സ്വയം സഹായ ഗ്രൂപ്പ് പ്രസിഡന്റ് ടി.കെ. മനോഹരൻ, സെക്രട്ടറി പി.സി. മനോജ്, ട്രഷറർ ടി.കെ. ബാബു എന്നിവർ ആവശ്യപ്പെട്ടു.