karandillatha-kudumbam
വയോധികയും കുടുംബവും വൈദ്യുതിയില്ലാത്ത വീട്ടിൽ

കോടാലി: വൈദ്യുതിക്കായി കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിയാവാതെ പട്ടികജാതി വിഭാഗത്തിൽപെട്ട വയോധികയുടെ നിർധന കുടുംബം. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷകളുമായി പല തവണ കയറിയിറങ്ങിയെങ്കിലും വൈദ്യുതി വെളിച്ചം ഇവർക്ക് ഇനിയുമകലെയാണ്. മറ്റത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് കൊരേച്ചാൽ പരേതനായ പുളിയേലി മാക്കോതയുടെ ഭാര്യ അയ്യക്കുട്ടിയും (92) കുടുംബവുമാണ് മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ ജീവിക്കുന്നത്.


ഓടിട്ട ചെറിയ വീട്ടിൽ പരസഹായമില്ലാതെ അനങ്ങാൻ സാധിക്കാത്ത വയോധികക്കൊപ്പം മകൻ രാജനും (68) ഭാര്യ മല്ലികയുമാണ് (57) താമസിക്കുന്നത്. ചെണ്ട വാദ്യ കലാകാരനായ രാജന്റെ വയറിൽ മുഴ വന്ന് അവശനായതോടെ ഈ കുടുംബത്തിന്റെ വരുമാനം നിലച്ചു. തണ്ടലിലെ അസുഖം മൂലം നടക്കാൻ ബുദ്ധിമുട്ടുന്ന മല്ലികക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും മറ്റ് രണ്ടുപേർക്ക് ലഭിക്കുന്ന വാർദ്ധക്യ പെൻഷനുമാണ് മരുന്നിനും ഭക്ഷണത്തിനുമുള്ള ഏക വരുമാനം.


അയ്യക്കുട്ടിയുടെ മകൻ സുബ്രഹ്മണ്യന്റെ പേരിലാണ് വീടും സ്ഥലവും. വീടും സ്ഥലവും വാങ്ങിയ ഉടനെ കരണ്ട് ലഭിക്കുന്നതിനായി വയറിംഗ് നടത്തി. എന്നാൽ മകൻ പഞ്ചാബിലായിരുന്നതിനാൽ അന്ന് അപേക്ഷ നൽകാൻ സാധിച്ചില്ല. 19 വർഷം മുൻപ് പഞ്ചാബിലെ ജലന്തറിലുണ്ടായ വാഹനാപകടത്തിൽ സുബ്രഹ്മണ്യൻ മരിച്ചു. തുടർന്ന് ഇയാളുടെ ഭാര്യ പുനർവിവാഹം കഴിച്ച് മറ്റൊരുവീട്ടിലാണ് താമസം. പിന്നീട് നിരവധി അപേക്ഷകൾ നൽകിയെങ്കിലും രേഖകൾ മരിച്ചുപോയ മകന്റെ പേരിലായതിനാൽ എല്ലാം നിരസിച്ചു. ഇവരുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കാൻ പിന്നീട് വന്ന സമ്പൂർണ വൈദ്യുതീകരണ പദ്ധതി പ്രഖ്യാപനത്തിനും സാധിച്ചില്ല. ഉടമസ്ഥാവകാശം ഇല്ലാത്തതാണ് കണക്ഷൻ നൽകുന്നതിനുള്ള ഏക നിയമ തടസം. വീടിനോട് ചേർന്ന് പോസ്റ്റ് ഉണ്ടെങ്കിലും നിർധനരായ കുടുംബം വൈദ്യുതിക്കായി കാത്തിരിപ്പ് തുടരുകയാണ്.


വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് വാർഡ് മെമ്പർ ശ്രീധരൻ കളരിക്കലിന്റെ നേതൃത്വത്തിൽ വർഷങ്ങളായി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും നടപടിയായില്ല. പട്ടികജാതി വിഭാഗത്തിൽപെട്ട ഈ വയോധികയ്ക്കും കുടുംബത്തിനും വൈദ്യുതി ലഭിക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.