കൊടുങ്ങല്ലൂർ: നഗരസഭയിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും പ്രവാസികൾക്ക് നിരീക്ഷണ സംവിധാനമേർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ രൂപരേഖയായി. താലൂക്ക് പരിധിയിലെ പഞ്ചായത്തിലുള്ളവരായാലും നഗരസഭയുടെ കീഴിൽ തന്നെ ക്വാറന്റൈൻ സംവിധാനമൊരുക്കും.

ഇതിനായി നഗരത്തിലെ വിവിധ ഹോട്ടലുകൾ, ലോഡ്ജുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ ഏറ്റെടുത്ത് നഗരസഭയ്ക്ക് നൽകിയതായി തഹസിൽദാർ കെ. രേവ അറിയിച്ചു. ഏറ്റെടുത്ത എല്ലാ കെട്ടിടങ്ങളുടെയും ബാക്കിയുള്ള മുറികൾ കൂടി അണു നശീകരണം നടത്താൻ ഫയർ ആൻഡ് റസ്ക്യു ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയതായി നഗരസഭ സെക്രട്ടറി അഡ്വ. ടി.കെ സുജിത് പറഞ്ഞു.

താമസിക്കുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, വെള്ളം എന്നിവ മുടക്കില്ലാതെ ലഭ്യമാക്കുവാൻ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ദിവസവും ഭക്ഷണവും ആവശ്യമായ മരുന്നും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയെ നിയോഗിച്ചു. മാലിന്യം ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാൻ സംവിധാനമേർപ്പെടുത്തും. ഇതിനായി ബക്കറ്റും കവറും നൽകും. പരിശീലനം ലഭിച്ച വളണ്ടിയർമാരെ ഓരോ കെട്ടിടങ്ങളിലേയ്ക്കും നിയോഗിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പുറത്ത് പോകാൻ അനുവാദമില്ല. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. സന്ദർശകരെ അനുവദിക്കില്ലെന്നും യോഗത്തിൽ വ്യക്തമാക്കപ്പട്ടു. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ഹണി പീതാംബരൻ, സി.കെ രാമനാഥൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ടി.കെ സുജിത്, തഹസിൽദാർ കെ. രേവ, എസ്.ഐ. ഇ.ആർ ബൈജു, ഡോ. ടി.വി റോഷ്, ഡോ. ഗായത്രി, അഡ്വ. സി.പി രമേശൻ, വി. മനോജ്, ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫീസർ എ. ശിവരാജൻ, ഹെൽത്ത്, വില്ലേജ്, വാട്ടർ അതോറിറ്റി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഹെൽപ് ഡെസ്കും കൗൺസലിംഗ് സെന്ററും

നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കാൻ 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക്. ഫോൺ : 04802808260

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസലിംഗ് കോൾ സെൻ്റർ. ഫോൺ : 9745260235