orumanayur-drinking-water


ഒരുമനയൂർ പഞ്ചായത്തിലെ മാങ്ങോട്ട് അമ്പലത്താഴത്തെ ശുദ്ധജല പദ്ധതിയുടെ നിർമ്മാണം നടക്കുന്നു

ചാവക്കാട്: ഒരുമനയൂർ പഞ്ചായത്തിലെ മാങ്ങോട്ട് അമ്പലത്താഴത്തെ ശുദ്ധജല പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് 5 ലക്ഷവും ഒരുമനയൂർ പഞ്ചായത്ത് 1 ലക്ഷവും ഈ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഫിൽട്ടർ യൂണിറ്റ് സ്ഥാപിക്കും. 2003 - 04 കാലഘട്ടത്തിൽ പി.കെ.കെ. ബാവ ഗുരുവായൂർ എം.എൽ.എ ആയിരുന്നപ്പോൾ നിർമ്മിച്ചതാണ് ഇവിടത്തെ കിണർ. ഈ കിണറിന്റെ അരികിൽ ടാങ്ക് നിർമ്മിച്ച് കിണർ അഞ്ച് റിംഗ് താഴ്ത്തി കിണർ വൃത്തിയാക്കി കിണറ്റിൽ നിന്നു് വെള്ളം ഫിൽട്ടർ ചെയ്ത്, പമ്പ് ചെയ്ത് പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം അമ്പത് വീട്ടുകാർക്ക് ഈ പദ്ധതി ഉപകാരപ്പെടും. തുക ലഭ്യത കുറവായതിനാൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീനോടും, വാർഡ് മെമ്പർ കെ.ജെ. ചാക്കോയോടും തുക അനുവദിക്കണമെന്ന് എം.എ. അബൂബക്കർ ഹാജി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ അനുവദിച്ചതാണ് ഈ പദ്ധതി.

കാലങ്ങളായി ലഭിക്കാതിരുന്ന ശുദ്ധജലം ഈ പദ്ധതിയുടെ നിർമ്മാണം കഴിഞ്ഞാൽ ലഭിക്കുമല്ലോയെന്നുള്ള സന്തോഷത്തിലാണ് പ്രദേശവാസികൾ.