ചാലക്കുടി: ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന മലയാളികളുടെ ക്വാറന്റൈൻ സംവിധാനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചാലക്കുടി റെസ്റ്റ് ഹൗസിൽ അവലോകന യോഗം നടത്തി. തദ്ദേശ സ്ഥാപന ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. എല്ലാവർക്കും ആവശ്യമായ സൗകര്യങ്ങളോടെ ക്വാറന്റൈൻ ഒരുക്കാൻ ധാരണയായി. ഇവർ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വിവരം ഹെൽപ്പ് ഡെസ്‌കിലേക്ക് കൈമാറുന്നതും തീരുമാനിച്ചു. മഴക്കാല പൂർവരോഗങ്ങളെ തടയുന്നതിന് മുന്നൊരുക്ക നടപടികൾ സ്വീകരിക്കാനും തീരുമാനമായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജ, തസഹിൽദാർ രാജു, സി.ഐ.കെ.എസ്. സന്ദീപ് തുടങ്ങിയവരും സംബന്ധിച്ചു.