തൃശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് നോർക്ക വഴി അപേക്ഷിച്ചവരിൽ 421 പേർ ജില്ലയിലെത്തി. വാളയാർ വഴി വരുന്നവരെ ചെക്ക് പോസ്റ്റിൽ ആരോഗ്യ സംഘം പരിശോധിച്ചതിന് ശേഷമാണ് 14 ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. 60 വയസിന് മുകളിലുള്ളവർ, 14 വയസിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ഗർഭിണികളുടെ കൂടെയുള്ളവർ എന്നിവർക്ക് വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സ്വന്തം വാഹനത്തിൽ വീട്ടിൽ പോകാം. ബാക്കിയുള്ളവരെ കുട്ടനെല്ലൂർ പി.സി തോമസിന്റെ ഹോസ്റ്റലിൽ ക്വാറന്റൈൻ ചെയ്തു. ജില്ലയിലെ എല്ലാ താലൂക്കുകളിലും കോവിഡ് കെയർ സെന്ററിൽ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുന്നംകുളം, തൃശൂർ, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂർ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് തൃശൂർ താലൂക്കിലേക്ക് 15, കുന്നംകുളം -32, മുകുന്ദപുരം 53 ,കൊടുങ്ങല്ലൂർ 34, ചാവക്കാട് 52, ചാലക്കുടി 50, തലപ്പിള്ളി 43 എന്നിങ്ങനെയാണ് ജില്ലയിൽ എത്തിയവർ. ഇതിൽ 12 പേർ റെഡ് സോണിൽ നിന്ന് മടങ്ങിയെത്തിയവരാണ്.