തൃശൂർ: കണ്ടാൽ ഒരു ബസ് വന്നു നിന്ന പോലെ, അകത്തു കയറിയാൽ മനസ്സിലാകും ഇതൊരു ബസ് സ്റ്റോപ്പിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡാണെന്ന്. കോർപറേഷൻ പരിധിയിൽ കുറ്റുമുക്ക് ചേറൂർ റോഡിൽ കിണർ ബസ് സ്റ്റോപ്പിലാണ് കോർപറേഷൻ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഇങ്ങനെയൊരു ഷെഡിന് രൂപം നൽകിയത്.

വിവിധതരത്തിലുള്ള ബസ് സ്റ്റോപ്പുകൾ കണ്ടിട്ടുള്ള നാട്ടുകാർക്ക് ബസ് എന്ന് തോന്നിക്കുന്ന ഒരു വെയിറ്റിംഗ് ഷെഡ് തികച്ചും അത്ഭുതം ഉളവാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. 12 പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ സീറ്റുകളും പത്ത് പേർക്ക് നിൽക്കാവുന്ന രീതിയിലുമാണ് ബസ് സ്റ്റോപ്പിന്റെ രൂപകല്പന. ഈ ബസ് ഷെൽട്ടറിന്റെ മറ്റൊരു പ്രത്യേകത സി.സി.ടി.വി കാമറകളാൽ സുരക്ഷിതമാക്കിയിട്ടുണ്ട് എന്നതാണ്.

വൈദ്യുതീകരണം മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഈ വെയിറ്റിംഗ് ഷെഡിൽ നാല് സി.സി.ടി.വി കാമറകളും, ഫാനുകളും വാട്ടർ പ്യൂരിഫയറും സജ്ജമാക്കും. വെയിറ്റിംഗ് ഷെഡ്ഡിന് അടുത്തുതന്നെയുള്ള കിണറിൽ നിന്നും പമ്പ് ഉപയോഗിച്ചാണ് ആവശ്യമുള്ള കുടിവെള്ളം എത്തിക്കുക. വളരെ വ്യത്യസ്ഥമായ ഈ ഷെഡ് പണിതീർത്തത് ഒളരിക്കരയിലുള്ള നന്ദനം എൻജിനിയറിംഗ് വർക്‌സ് ആണ്.