അന്തിക്കാട്: ആലിന് പടിഞ്ഞാറ് വശം വിയ്യത്ത് സനിൽ കുമാറിന്റെ വീട്ടിൽ ഫ്രിഡ്ജിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടത്തി. പച്ചക്കറി എടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോളാണ് ചെറിയ മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പ് എങ്ങിനെ വന്നുപെട്ടു എന്നറിയില്ല. കഴിഞ്ഞ ദിവസം കോളി ഫ്ലവർ ഉൾപ്പെടെയുള്ള പച്ചക്കറികൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നാകും പാമ്പ് എത്തിയതെന്നാണ് വീട്ടുകാരുടെ സംശയം. വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടമ്മയായ വാണി ഫ്രിഡ്ജിൽ നിന്ന് ബീറ്റ്റൂട്ട് എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ വാൽ ശ്രദ്ധയിൽ പെട്ടത്. പാമ്പാണെന്നുറപ്പ് വരുത്തിയ ശേഷം സ്പ്രേ എടുത്ത് പാമ്പിന് മേൽ അടിക്കുകയായിരുന്നു. അർദ്ധമയക്കത്തിലായ മൂർഖനെ ഇവർ തന്നെയാണ് തോണ്ടിയെടുത്ത് ദൂരേക്കെറിഞ്ഞത്. കുട്ടികൾ നിരവധി തവണ തണുത്ത വെള്ളം കുടിക്കാനായി നിരന്തരം ഫ്രിഡ്ജ് ഉപയോഗിച്ചിട്ടും അപകടമൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് വീട്ടുകാർ..