വാടാനപ്പിള്ളി: കൊവിഡ് 19 ന്റെ ഭാഗമായി ലോകമാകെ വീട്ടിലിരിക്കുമ്പോൾ വർണ്ണലോകത്ത് പാറിക്കളിക്കുകയാണ് സഹോദരിമാരായ ആലിയയും നാദിയയും. കൈകൊണ്ട് വരച്ച ചിത്രങ്ങൾ കാലുകൊണ്ട് വരയ്ക്കാനാകുമോയെന്ന് പരീക്ഷിച്ച് വിജയം നേടുകയും ചെയ്തു പുതുശ്ശേരി ബാബു റഹ്മാൻ, മെബീല ദമ്പതികളുടെ പെൺമക്കൾ.
കുരിയച്ചിറ സെന്റ് പോൾസ് സി.ഇ.എച്ച്.എസ്.എസ് വിദ്യാലയത്തിൽ ആലിയ ഒമ്പതാം ക്ളാസിലും നാദിയ എഴാം ക്ളാസിലും പഠിക്കുന്നു. ആലിയ പെൻസിൽ ഡ്രോയിംഗിലും നാദിയ പെയിന്റിംഗിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. 4 വയസ് മുതലാണ് ചിത്രം വര തുടങ്ങിയത്.
ഇപ്പോൾ ഇവർ 2 കൈകൾ കൊണ്ട് ക്യത്യമായി വളരെ മനോഹരവും വേറിട്ട ചിത്രങ്ങളും രചിച്ചു. കഴിഞ്ഞ വർഷമാണ് ഇവർ ഇരു കാലുകളും കൊണ്ട് വരക്കാൻ തുടങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് പ്രക്യതി ദ്യശ്യങ്ങളും മനോഹാരിത തുളുമ്പുന്ന പതിനഞ്ചിലധികം ചിത്രങ്ങൾ കാൻവാസിലേക്ക് പകർത്തി. വാടാനപ്പിള്ളിയിൽ മാതാവിന്റെ വീട്ടിൽ വെച്ചാണ് കാലുകൾ കൊണ്ടും കൈകൊണ്ടും ചിത്രം വരച്ച് കൂട്ടിയത്. കൂടാതെ പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, ആക്രിലിക്ക്, ഡിജിറ്റൽ ഡ്രോയിംഗ് എന്നീ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് അമ്പതിലധികം ചിത്രങ്ങൾ വരച്ചു തീർത്തു ഈ കൊച്ചു മിടുക്കികൾ.
പഠന പാഠ്യേതര മേഖലകളിലും സമർത്ഥരാണിവർ. കൊവിഡ് 19 ന്റെ സന്ദേശം പകരുന്ന ചിത്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ശൈലജ ടീച്ചർ അടക്കമുള്ളവരുടെ ഛായാചിത്രങ്ങളും ഇവർ സൃഷ്ടിച്ചെടുത്തു. ഒരു പാട് മത്സരങ്ങളിൽ പങ്കെടുക്കുകയും ധാരാളം സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ ജില്ലാ തല മത്സരങ്ങളിലും സ്ഥിരം വിജയികളാണ്. നാളെയുടെ പ്രതീക്ഷയായി ഇവരുടെ കുഞ്ഞനിയൻ രണ്ട് വയസുകാരനായ ബാസിലും ചേച്ചിമാരുടെ ചിത്രരചന കണ്ട് സ്വയം വരച്ച് തുടങ്ങിയിട്ടുണ്ട്. വാടാനപ്പിള്ളി ചിലങ്ക ജംഗ്ഷനിൽ മുക്രിയകത്ത് അബ്ദുല്ല ഹാജിയുടെ വീട്ടിലാണ് ഇരുവരും ചിത്രരചനയുമായി സമയം പോക്കുന്നത്.