എരുമപ്പെട്ടി : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഭാഗവത പാരായണം നടത്താൻ ഒത്തുകൂടിയ പൂജാരി ഉൾപ്പെടെ ഏഴ് പേർക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഇ. ചന്ദ്രൻ (68), തെക്കേടത്ത് മന നാരായണൻ (47) , കിഴക്കേപുരയ്ക്കൽ ഗോപി (58), താഴത്തേപുരയ്ക്കൽ സുധനൻ(60) എന്നിവരെയാണ് ഇൻസ്‌പെക്ടർ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പാഴിയോട്ടുമുറി കുടക്കുഴി ചെമ്പ്രയൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ഭാഗവത പാരായണം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പൂജാരി ഉൾപ്പെടെ അഞ്ച് പേരാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേർ ഓടിപ്പോയി. .അതേസമയം, ക്ഷേത്രത്തിൽ നടന്ന ഭാഗവത സപ്താഹത്തിൽ നൂറ് പേർ പങ്കെടുത്തെന്നും ,പൊലീസെത്തിയപ്പോൾ ആളുകൾ ചിതറി ഓടിയെന്നും ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ബി സനൂപ് വ്യക്തമാക്കി..