photo
അകലങ്ങളിലിരുന്ന് പാടുന്ന സുഹൃത്തുക്കൾ

മാള: അന്ന് അവർ അടുത്തിരുന്ന് ആലപിച്ച പാട്ട് ലോക്ക് ഡൗൺ കാലത്ത് അക്കരെയിക്കരെ നിന്ന് അകന്നിരുന്ന് ഒരു വട്ടം കൂടി ഏറ്റുപാടി. 20 വർഷം മുൻപ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കാമ്പസിനെ പുളകം കൊള്ളിച്ച ആ ഗാനം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വൈറലായി.

വിവിധ രാജ്യങ്ങളിലിരുന്ന് അന്നത്തെ 27 പേരാണ് ആ ഗാനത്തിന് ജീവൻ പകർന്നത്. ആർ.കെ ദാമോദരന്റെ വരികൾക്ക് സെബി നായരമ്പലം ഈണം നൽകിയതാണ് ഗാനം. കോളേജ് കാമ്പസിൽ അന്ന് ഹിറ്റായെങ്കിലും പിന്നീട് മറവിയിലേക്ക് പോയ മൃത്യുഞ്ജയ മന്ത്രം എന്ന ഗാനമാണ് പുനർജ്ജനിച്ചത്. മുറിഞ്ഞുപോയ ബന്ധങ്ങളെ ഇണക്കിച്ചേർക്കാനും അതിലൂടെ മികച്ച സന്ദേശം നൽകാനും നേതൃത്വം നൽകിയത് ഖത്തറിലുള്ള ഫോട്ടോഗ്രാഫറും കീ ബോർഡ് കലാകാരനുമായ പ്രജിത്താണ്.

അഷ്ടമിച്ചിറ സ്വദേശിയായ പാലാപ്പറമ്പിൽ രാമകൃഷ്ണന്റെ മകനായ പ്രജിത്ത് തന്നെയാണ് കമ്പോസിംഗും വീഡിയോ എഡിറ്റിംഗും നിർവഹിച്ചത്. 21 പേർ വിവിധ ഇടങ്ങളിൽ പാടി മൊബൈൽ ഫോണിലൂടെ അയച്ചു കിട്ടിയത് പ്രജിത്താണ് സംയോജിപ്പിച്ചത്. വിവിധ രാജ്യങ്ങളിലായി 27 പൂർവവിദ്യാർത്ഥികളായ സുഹൃത്തുക്കളാണ് ഈ അകലങ്ങളിലിരുന്നുള്ള കൂട്ടായ്മയിൽ ഒരുമിച്ചത്. സംഗീത സംവിധായകൻ മെജോ ജോസഫ്, ഹരികൃഷ്ണൻ, സ്റ്റീവ് ആന്റോ, വിജീഷ്‌ ലാൽ കരിന്തലക്കൂട്ടം എന്നിവരും ഈ കൂട്ടായ്മയിലെ കണ്ണികളാണ്.