ഗുരുവായൂരിലെത്തിയത് പുലർച്ചെ 3.30ന്
തൃശൂർ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 38 പ്രവാസി മലയാളികളെയും കൊണ്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഗുരുവായൂർ മമ്മിയൂരിലെത്തുമ്പോൾ പുലർച്ചെ 3.30. തദ്ദേശമന്ത്രി എ. സി മൊയ്തീനും ജില്ലാ കളക്ടർ എസ്. ഷാനവാസും നഗരസാദ്ധ്യക്ഷ എം. രതിയുൾപ്പെടെയുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു.
അബുദാബി-കൊച്ചി വിമാനത്തിൽ രാത്രി 10.10 ന് നെടുമ്പാശ്ശേരിയിൽ എത്തിയ ആദ്യ സംഘത്തിലെ യാത്രക്കാർ വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ സമയം പുലർച്ച 1.30. മൂന്നരയോടെ ബസ് ഗുരുവായൂരിലെത്തി. യാത്രക്കാർ ഓരോരുത്തരായി പുറത്തേക്കിറങ്ങി. നീണ്ടയാത്രയും, രണ്ട് വിമാനത്താവളങ്ങളിലായി നടത്തിയ പരിശോധനയും, ഉറക്കച്ചടവും അവരെ ക്ഷീണിതരാക്കിയെങ്കിലും സ്വന്തം നാട്ടിലെത്തിയ ആശ്വാസമായിരുന്നു എല്ലാവർക്കും.
കൈക്കുഞ്ഞിനെയെടുത്ത ഉമ്മയുൾപ്പെടെ ബസിൽ നിന്നിറിങ്ങിയ ഓരോരുത്തരെയും നേരത്തെ തയ്യാറാക്കിയ പട്ടിക പ്രകാരം വ്യക്തത വരുത്തി മുറികൾ അനുവദിച്ചു. യാത്രാവിവരങ്ങൾ മന്ത്രി എ.സി മൊയ്തീൻ തിരക്കി. സംസ്ഥാന സർക്കാരിന്റെ ക്രമീകരണങ്ങൾ ഏറെ മികച്ചതാണെന്നും തങ്ങളോടുളള കരുതലിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് സെന്ററായി ജില്ലാഭരണകൂടം കണ്ടെത്തിയ സ്‌റ്റെർലിംഗ് ഹോട്ടലിൽ ഇനി ഇവർ നിരീക്ഷണത്തിൽ കഴിയും.ഇവരുടെ ഭക്ഷണത്തിൻ്റെ ചുമതല കുടുംബശ്രീക്കാണ്.
അബുദാബിയിൽ നിന്നെത്തിയത് 72 പേർ
വീടുകളിൽ നിരീക്ഷണത്തിൽ 34 പേർ
(ഗർഭിണികൾ ഉൾപ്പെടെ)
ഗുരുവായൂരിലെത്തിയത് 38
പുരുഷന്മാർ 28
സ്ത്രീകൾ 10
കുട്ടി ഒരാൾ