തൃശൂർ: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇനി കേരളത്തിലെ റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങാം. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഈ സൗകര്യം. ആന്ധ്രപ്രദേശ്, ബീഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ദാമൻ ആൻഡ് ഡ്യൂ, കർണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന, ത്രിപുര, ദാദ്ര നാഗർഹവേലി എന്നീ സംസ്ഥാനങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇനി മുതൽ കേരളത്തിലെ റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങാൻ അനുമതി.
അതത് സംസ്ഥാനങ്ങളിലെ എ.എ.വൈ, പി.എച്ച്.എച്ച് കാർഡ് ഉണ്ടെങ്കിൽ ബയോമെട്രിക് സംവിധാനത്തിൽ റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ പ്രകാരമാണ് റേഷൻ കൈപ്പറ്റേണ്ടത്. ഐ.എം.ഡി.പി.സ് (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഒഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) പ്രകാരം അന്തർസംസ്ഥാന പോർട്ടബിൾ സംവിധാനം ഒരുക്കിയതിനെ തുടർന്നാണിത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പഞ്ചായത്ത് / നഗരസഭ അദ്ധ്യക്ഷന്മാർ, സെക്രട്ടറി, വാർഡ് മെമ്പർമാർ എന്നിവർ മുഖേന അതത് പഞ്ചായത്ത് / നഗരസഭകൾക്ക് കീഴിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ വിവരം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.