sfi
ഇഷാനി ശേഖരിച്ച നാണയത്തുട്ടുകൾ, ബി.ഡി.ദേവസി എം.എൽ.എയ്ക്ക് കൈമാറുന്നു

ചാലക്കുടി: തന്റെ സമ്പാദ്യമായ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പോട്ടച്ചിറയിലെ അഞ്ചു വയസുകാരിയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി. മുല്ലശേരി ജയകൃഷ്ണന്റെ മകൾ ഇഷാനി ജെ. മേനോനാണ് എസ്.എഫ്.ഐ ഒരുക്കിയ പങ്കുവയ്ക്കാം കൂട്ടിവച്ചതെല്ലാം കർമ്മ പരിപാടിയിൽ കണ്ണിയായത്.

ദുരിതാശ്വാസ കർമ പദ്ധതിയിൽ ഇഷാനിയെ പങ്കെടുപ്പിക്കുന്നതിന് കുടുംബത്തിന് ചിന്തിക്കേണ്ടി വന്നില്ല. വലിയച്ഛനും മുത്തച്ഛനും സമ്മാനിക്കുന്ന നാണയങ്ങൾ കുടുക്കയിൽ കരുതിവയ്ക്കുന്ന എൽ.കെ.ജിക്കാരി ഇഷാനി ഇതിനും മുമ്പും കാരുണ്യ പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. ഇതറിയാമായിരുന്ന വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പോട്ടച്ചിറയിലെ വീട്ടിൽ എത്തിയപ്പോൾ ഷാർജയിലെ ജോലി സ്ഥലത്തിരുന്ന് പിതാവ് ജയകൃഷ്ണനും മറ്റൊരു സദ്പ്രവൃത്തിയ്ക്കായി പ്രോത്സാഹിപ്പിച്ചു.

അമ്മ മായയും സന്തോഷത്തോടെ സമ്മതം മൂളി. വലിയച്ഛൻ ജയദേവന് ഒപ്പം ചാലക്കുടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ വച്ച് ബി.ഡി. ദേവസി എം.എൽ.എയ്ക്ക് കാശുകുടുക്ക കൈമാറിയത്. ഉദ്ഘാടന ചടങ്ങിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം നിധിൻ പുല്ലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അമൽ ഗോപി, ഏരിയാ സെക്രട്ടറി സി.എച്ച്.അജ്മൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.