ചാലക്കുടി: ആദിവാസി ഊരുകളിൽ തൊഴിലുറപ്പ് പദ്ധതി ജോലികൾ തുടങ്ങി. പെരുമ്പാറയിലെ ഷോളയാർ ഗിരിജൻ വെൽഫെയർ സഹകരണ സംഘത്തിന്റെ ഭൂമിയിലാണ് ജോലികൾ അരംഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എല്ലാവർക്കും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കൈയ്യുറയും മാസ്‌കും നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് ജോലികൾ ചെയ്യുന്നത്.
മേഖലയിലെ എല്ലാ ആദിവാസി ഊരുകളിലും ഈ ആഴ്ച തന്നെ തൊഴിലുറപ്പ് ജോലികൾ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല അദ്ധ്യക്ഷനായി. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി സജ്‌ന സത്താർ, ട്രൈബൽവാലി പ്രൊജക്ട് നോഡൽ ഓഫീസർ ശാലുമോൻ, അസി. കൃഷി ഓഫീസർ കെ.എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷി വകുപ്പ് ആദിവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന ട്രൈബൽവാലി പദ്ധതിയുടെ ഭാഗമായാണ് വിവിധ കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. സംഘം ഭൂമിയിൽ നിലവിലുള്ള കാപ്പി, കുരുമുളക് കൃഷികൾ വ്യാപിപ്പിക്കും. പച്ചക്കറികളും മറ്റ ഫല വൃക്ഷങ്ങളുടെ സാധ്യതകളും ഉപയോഗപ്പെടുത്തും. ആദിവാസി മേഖലയിൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള വിവിധ ജോലികളാണ് നടത്തുന്നത്. സ്വന്തമായി ഭുമിയില്ലാത്ത ആനക്കയം ഊരിലുള്ളവർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ മഴക്കുഴി, വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാനായി കാടിനുള്ളിൽ കുളങ്ങൾ നിർമിക്കുന്നതടക്കമുള്ള ജോലികൾ ചെയ്യിക്കും.