തൃശൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ നിന്നും ഉത്തർപ്രദേശിലേക്കുളള അന്യസംസ്ഥാന തൊഴിലാളികളുടെ സംഘം യാത്രയായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1,140 പേരാണ് പ്രത്യേക ട്രെയിനിൽ ജന്മനാട്ടിലേക്ക് യാത്ര തിരിച്ചത്. തൃശൂർ കോർപറേഷനുള്ളിലെ ക്യാമ്പിൽ നിന്നും 397 പേരും, വിവിധ നഗരസഭകളിൽ നിന്ന് 159 പേരും പഞ്ചായത്തുകളിൽ നിന്ന് 584 പേരുമുൾപ്പെട്ട സംഘമാണ് വൈകീട്ട് 4.45 ന് യാത്രതിരിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പൊലീസ് മേധാവികളായ കെ. പി വിജയകുമാർ, ആർ. ആദിത്യ എന്നിവരും അതിഥി തൊഴിലാളികളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തി. ജില്ലാ ലേബർ ഓഫീസർ ടി. ആർ രാജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് എന്നിവർക്കായിരുന്നു യാത്രയുടെ ഏകോപന ചുമതല. ക്യാമ്പുകളിൽ നിന്ന് ആരോഗ്യപരിശോധനയ്ക്ക് ശേഷം തൊഴിലാളികളെ കെ.എസ്.ആർ.ടി.സി ബസിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. അതിഥി തൊഴിലാളികളുമായി പോകുന്ന രണ്ടാമത്തെ ട്രെയിനാണിത്.
ബീഹാറിലേക്ക് പോയത് 1,143 പേർ
മൊത്തം ഇതരസംസ്ഥാന തൊഴിലാളികൾ 27,905