തൃശൂർ: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിലൂടെ ജില്ലയിൽ 12.9 കോടി രൂപ വിതരണം ചെയ്തു. കൊവിഡ് 19 ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിൽ ചെറുത്തുനിൽപ്പിനായി കുടുംബശ്രീ അംഗങ്ങൾക്കായി പ്രഖ്യാപിച്ചതാണ് ഈ വായ്പാ പദ്ധതി. സംസ്ഥാനത്ത് 2,000 കോടിയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ നിന്നും ജില്ലയ്ക്ക് 184 കോടിയാണ് ലഭിച്ചത്. ഈ വായ്പയുടെ പലിശ മൂന്ന് വാർഷിക ഗഡുക്കളായി അയൽക്കൂട്ടങ്ങൾക്ക് നൽകും. ജില്ലയിൽ 22,185 അയൽക്കൂട്ടങ്ങളിലായി 3,01,011 പേർ ഈ വായ്പയ്ക്ക് അർഹരായി.

ഇതിൽ 21,000 അയൽക്കൂട്ടങ്ങളുടെ പരിശോധന പൂർത്തീകരിച്ച് സി.ഡി.എസുകളുടെ ശുപാർശയോടെ 17,650 അയൽക്കൂട്ടങ്ങളുടെ അപേക്ഷകൾ വിവിധ ബാങ്കുകളിൽ എത്തിച്ചു. 1,465 അയൽക്കൂട്ടങ്ങളിലെ 18,700 പേർക്ക് ഇത് പ്രകാരം 12.9 കോടി രൂപ വായ്പയാണ് വിതരണം ചെയ്തത്. ജില്ലയിലെ 16 ബ്ലോക്കുകളിൽ ഒല്ലൂക്കര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വായ്പ നൽകിയിട്ടുള്ളത്. 631 അയൽക്കൂട്ടങ്ങളിലെ 8,290 അംഗങ്ങൾക്ക് ഈ പദ്ധതി പ്രകാരം 5.46 കോടി രൂപ ലഭിച്ചു. സംസ്ഥാനത്ത് കോഴിക്കോട് ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങൾക്കും അയൽക്കൂട്ടങ്ങളും വായ്പ ലഭ്യമാക്കിയിട്ടുള്ളത് ജില്ലയാണ്.