തൃശൂർ: തൊഴിലാളികളുടെ കൂട്ട സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികൾ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചർച്ചയ്ക്ക് തയ്യാറായി അധികൃതർ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം മറികടന്ന് ഏരിയ മാനേജർ മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിലെ 100 തൊഴിലാളികളിൽ 46 പേരെ അകാരണമായി ചാലക്കുടിയിലേക്ക് മാറ്റിയത്. കൊവിഡ് കാലത്ത് ഇത്തരം സ്ഥലം മാറ്റം പാടില്ലെന്ന നിർദ്ദേശം മറികടന്നായിരുന്നു മാറ്റം. ഇതിനെതിരെ കഴിഞ്ഞ ദിവസം ഉച്ചവരെ തൊഴിലാളികൾ ജോലി ചെയ്യാതെ പ്രതിഷേധിച്ചു. തിങ്കളാഴ്ചയ്ക്കകം എഫ്.സി.ഐ ഏരിയ മാനേജർ ഇറക്കിയ കൂട്ട സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുന്നതിനാണ് തൊഴിലാളികളുടെ തീരുമാനം. ഇതേത്തുടർന്നാണ് തിങ്കളാഴ്ച്ച വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചത്. പ്രതിദിനം 250 ലോഡ് ഇറക്കും. 130 ലോഡാണ് കയറ്റുന്നത്. സമരത്തിന് സംയുക്ത തൊഴിലാളി യൂണിയൻ സെക്രട്ടറി സണ്ണി, പീതാംബരൻ, സുരേഷ്, രാജൻ എന്നിവർ നേതൃത്വം നൽകി.