pravasi
ക്വാറൻ്റൈൻ സൗകര്യം ഒരുക്കിയിട്ടുള്ള വെള്ളറക്കാട് തേജസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ ഡി.വൈ.എഫ് ഐ പ്രവർത്തകർ ശുചീകരിക്കുന്നു

എരുമപ്പെട്ടി: കുന്നംകുളം താലൂക്കിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം വെള്ളറക്കാട് തേജസ് എൻജിനിയറിംഗ് കോളേജിൽ ഒരുക്കി. രണ്ട് ഹോസ്റ്റലുകളിലായി നൂറ് ബെഡ് സൗകര്യമാണ് തയ്യാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലെ സംഘത്തിലുള്ള കുന്നംകുളം താലൂക്കിൽ ഉൾപ്പെട്ടവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

തഹസിൽദാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കടങ്ങോട് പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് ബെഡ് ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കാൻ ദ്രുത പ്രവർത്തനം ആരംഭിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ വിഭാഗവും സജീവമാണ്. യൂത്ത് കോ- ഓർഡിനേറ്റർ അനൂഷ് സി. മോഹനന്റെ നേതൃത്വത്തിൽ ഡി.വൈ.ഐഫ് ഐ.പ്രവർത്തകരായ കെ.ആർ. രൂപേഷ്, ആഷിഫ് അഹമ്മദ്,എ.എസ് സുബിൻ തുടങ്ങിയവർ ചേർന്ന് ഹോസ്റ്റലുകൾ ശുചീകരിച്ചു.

അക്കിക്കാവ് റോയൽ എൻജിനിയറിംഗ് കോളേജിലും തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലും ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ കളക്ടറേറ്റിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.