മാള: റംസാൻ പെരുന്നാളിന് സൈക്കിൾ വാങ്ങാൻ കൂട്ടിവച്ചത് കാശുക്കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അമേയയ്ക്ക് പതിനേഴാം രാവിൽ സൈക്കിളെത്തി. മാള സ്വദേശി സി.ഐ നൗഷാദിന്റെ മകൾ മൂന്നാം ക്‌ളാസുകാരി അമേയയ്ക്കാണ് സൈക്കിൾ ലഭിച്ചത്. അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്ന വടമ സ്വദേശി പുളിക്കൽ പോളിയാണ് അമേയയുടെ നല്ല മനസ് സംബന്ധിച്ച വാർത്ത കണ്ട് സൈക്കിൾ വാങ്ങി നൽകിയത്. വി.ആർ സുനിൽകുമാർ എം.എൽ.എ അമേയയുടെ വീട്ടിലെത്തി സൈക്കിൾ സമ്മാനിച്ചു. ഇവളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സൈക്കിൾ വാങ്ങുകയെന്നത്.
ഇതിനായി കാശ് കുടുക്കയിൽ നാണയങ്ങൾ കൂട്ടിവച്ചിരുന്നു. മാള പഞ്ചായത്ത് ആരോഗ്യ കർമ്മസേനയിൽ അംഗമായ നൗഷാദിനോട് മകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകുടുക്കയിലെ പണം നൽകാമെന്ന നിർദേശം വച്ചത്. റംസാൻ ഇനിയും വരും അപ്പോൾ വീണ്ടും കാശുകുടുക്കയിൽ പണമുണ്ടാകുമ്പോൾ സൈക്കിൾ വാങ്ങാമെന്നാണ് ആമേയ പറഞ്ഞത്. എന്നാൽ ഈ റംസാന് മുമ്പ് തന്നെ അമേയയ്ക്ക് സൈക്കിൾ ലഭിച്ചു.