മാള: അന്നമനടയിൽ റോഡ് പുനർനിർമ്മാണം കഴിഞ്ഞപ്പോൾ വൈദ്യുത പോസ്റ്റ് അകത്തായി. റോഡ് മനോഹരമാക്കി പുനർനിർമ്മിച്ചപ്പോൾ അതിനിടയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റാൻ മാത്രം നടപടി ഉണ്ടായില്ല. ഇനി പോസ്റ്റ് നീക്കണമെങ്കിൽ നിർമ്മാണം നടത്തിയ സ്ഥലത്തെ ടൈലുകളും മണ്ണും നീക്കം ചെയ്യേണ്ടിവരും. പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിരവധി സ്ഥലങ്ങളിൽ പോസ്റ്റുകൾ റോഡിലാകാൻ ഇടയാക്കിയിട്ടുള്ളത്. കൂടാതെ റോഡിലെ വെള്ളം ഒഴുകിപ്പോകാൻ കാനയും ഇല്ലാത്ത അവസ്ഥയാണ്. റോഡിലെ വെള്ളം മഴക്കാലത്ത് കടകളിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. റോഡിന്റെ വശത്ത് കാന നിർമ്മിക്കണമെന്നും വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടണമെന്നും കോൺഗ്രസ് അന്നമനട മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം.യു. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.