തൃശൂർ: ചാരായം ഉണ്ടാക്കാൻ സജ്ജമാക്കിയ 1000 ലിറ്റർ വാഷ് തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടി കണ്ടെത്തി നശിപ്പിച്ചു. നഗരത്തിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നുവെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ സനുവിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.എം സജീവും പാർട്ടിയും നടത്തിയ അന്വേഷണത്തിലാണ് പുഴയ്ക്കൽ പാടത്തു നിന്നും നാല് ലക്ഷം വില മതിക്കുന്ന ചാരായം ഉണ്ടാക്കാനായി സജ്ജമാക്കിയ വാഷ് കണ്ടെത്തി നശിപ്പിച്ചത്. തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് 2,500 ലിറ്ററോളം വാഷും 35 ലിറ്ററോളം ചാരായവും പിടികൂടിയിട്ടുണ്ട്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ആർ സുനിൽ, കൃഷ്ണപ്രസാദ്‌, ജെയ്സൺ ജോസ്, സനീഷ്, ടോണി, മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിതമായ പരിശോധന തുടർന്ന് നടത്തുമെന്നും എക്‌സൈസ് അറിയിച്ചു. വ്യാജ വാറ്റിനെ കുറിച്ച് വിവരം ലഭിച്ചാൽ 04872389455 എന്ന നമ്പറിൽ അറിയിക്കണം.