കൊടുങ്ങല്ലൂർ: നഗരസഭയിലെ നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് ഇന്നലെ ഏഴുപേർ കൂടി എത്തി. ഇതോടെ നഗരസഭ പരിധിയിലെ മൂന്ന് കെട്ടിടങ്ങളിലായി ക്വാറന്റൈനിൽ താമസിപ്പിച്ചിട്ടുള്ളവരുടെ എണ്ണം 37 ആയി. ഇത് കൂടാതെ 25 പേരെ വീടുകളിൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. ഗ്രീൻ സോണുകളിൽ നിന്ന് വരുന്നവരെയാണ് വീടുകളിലേക്ക് നിരീക്ഷണത്തിന് അയയ്ക്കുന്നത്.

15 കെട്ടിടങ്ങളാണ് നഗരസഭയിൽ നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിട്ടുള്ളതെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. നഗരത്തിലെ ബാർ ഹോട്ടലുകൾ, ലോഡ്ജുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവ ഈ ആവശ്യത്തിനായി അണു നശീകരണവും ശുചീകരണവും നടത്തി നഗരസഭ ഏറ്റെടുത്തു. താലൂക്കിലെ എടത്തിരുത്തി മുതൽ പൊയ്യവരെയുള്ള പഞ്ചായത്തുകളിലുള്ളവരെ നഗരസഭയിലെ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ നഗരസഭക്കാണ് ചുമതല. പഞ്ചായത്ത് കേന്ദ്രങ്ങളിൽ സർക്കാർ നിബന്ധനകൾ അനുസരിച്ചുള്ള കെട്ടിടങ്ങളുടെ അപര്യാപ്തതയാണ് നഗരസഭ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റേണ്ടി വന്നത്.

എല്ലാ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നഗരസഭയിലെ നോഡൽ ഓഫീസറായി ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 എസ്.പി. ജെയിംസിനെ ചുമതലപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലും കെയർടേക്കർമാരെയും കേന്ദ്രത്തിന്റെ പൊതുവായ ചുമതല നിർവഹിക്കുന്നതിനു് നഗരസഭാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഭക്ഷണം, വെള്ളം തുടങ്ങിയവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയാണ് നിയോഗിച്ചിട്ടുള്ളത്. താലൂക്ക് ആശുപത്രിയുടെ സൂപ്രണ്ട് ഡോ.റോഷിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ഡോക്ടർമാർ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.

നഗരസഭാ ബോയ്‌സ് ഹൈസ്‌കൂളിൽ നേരത്തെ നടത്തിയിരുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം നിറുത്തിയതിനെ തുടർന്ന് വീണ്ടും നഗരസഭ ടൗൺ ഹാളിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്. രണ്ട് ദിവസത്തിനകം പ്രവാസികളുടെ എണ്ണം 100 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ കെ ആർ. ജൈത്രൻ പറഞ്ഞു.