തൃശൂർ: ഉദ്ഘാടനം ചെയ്ത ആദ്യ ദിനം തന്നെ നൂറോളം പേർക്ക് ഉച്ചയൂണ് വിളമ്പി പാണഞ്ചേരിയിലെ ജനകീയ ഹോട്ടൽ. കഴിഞ്ഞദിവസം പാണഞ്ചേരി പഞ്ചായത്തിലെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജനാണ് നിർവഹിച്ചത്. പാണഞ്ചേരി പഞ്ചായത്തിലെ നിലവിലുള്ള കുടുംബശ്രീ കാന്റീനിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.
ഉച്ചയൂണിന് പുറമേ പഞ്ചായത്തിലെ നിലവിലുള്ള ക്യാമ്പിൽ പത്ത് പേർക്ക് പ്രഭാതഭക്ഷണവും അത്താഴവും നൽകുന്നു. അതിർത്തിയിൽ നിന്നെത്തിയ അഗതികളാണ് പാണഞ്ചേരിയിലെ ക്യാമ്പിലുള്ളത്. കുടുംബശ്രീ കൂട്ടായ്മയാണ് ജനകീയ ഹോട്ടലിൽ ഭക്ഷണം ഒരുക്കുന്നത്. പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ പഞ്ചായത്തും അമ്പതിനായിരം രൂപ കുടുംബശ്രീ മിഷനും നൽകി. ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ് ഈടാക്കുന്നത്. പത്തു രൂപ സബ്‌സിഡി കുടുംബശ്രീ മിഷൻ നൽകും..