തൃശൂർ: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൃശൂർ സ്വദേശികളെ നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിൽ ജില്ലാ ഭരണകൂടം നിസംഗത കാട്ടുന്നുന്നുവെന്ന് ആരോപിച്ച് എം.പിമാരുടെ കുത്തിയിരിപ്പ് സമരം. വാളയാറിൽ മണിക്കൂറുകളോളം കുടുങ്ങിയവരുടെ പരാതിയിൽ പരിഹാരമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്നലെ കളക്ടറേറ്റിന് മുൻവശത്ത് സാമൂഹിക അകലം പാലിച്ച് എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവർ ധർണ്ണ നടത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ധർണ്ണ ഉദ്ഘാടനം ചെയ്തു. തുടർന്ന് സമരകേന്ദ്രത്തിലെത്തിയ ജില്ലാ കളക്ടർ ജനപ്രതിനിധികളുമായി സംസാരിച്ചു. ജാഗ്രത പോർട്ടലിനുണ്ടായ സാങ്കേത്തിക തകരാറാണ് പാസ് അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണമെന്നായിരുന്നു കളക്ടറുടെ വിശദീകരണം. സാങ്കേതികപ്പിഴവ് വ്യാഴാഴ്ച്ച രാത്രി മുതൽ മാത്രമാണെന്നും അതിന് മുമ്പുള്ള ദിവസങ്ങളിലെ അപേക്ഷകളിൽ തീരുമാനമെടുക്കാത്തത് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അപേക്ഷകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നും കളക്ടർ അറിയിച്ചു. മുൻ എം.എൽ.എ പി.എ മാധവൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി. എ അബ്ദുൾ റഷീദ് എന്നിവർ ധർണ്ണയ്ക്ക് ഐക്യദാർഢ്യവുമായെത്തി.