തൃശൂർ : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർക്കെതിരെ നടപടി ഉണ്ടായേക്കും. തൃശൂർ വനിതാ സെല്ലിലെ പൊലീസുകാരിയായ സുനിതാ കുമാരിക്കെതിരെയാണ് മണ്ണുത്തി, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തത്. ഇവർക്ക് ഒപ്പം ഒരാൾക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.

ട്രാഫിക് വാർഡനായി ജോലി വാഗ്ദാനം ചെയ്താണ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തത്. ഇവർക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടെന്നാണ് സൂചന. കമ്മിഷണർക്കാണ് ഒരു യുവതി ഇത് സംബന്ധിച്ച് പരാതി നൽകിയത്. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച പരാതി അന്വേഷിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകുമെന്ന് വെസ്റ്റ് സി.ഐ പറഞ്ഞു. ഇതിനു മുമ്പും ഇവർക്കെതിരെ ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നതായും പറയുന്നു. അപ്പോഴെല്ലാം തന്റെ സ്വാധീനം ഉപയോഗിച്ച് പരാതികൾ ഒതുക്കി തീർത്തിരുന്നതായും പറയുന്നു.