തൃശൂർ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചത്തെ ലോക്ക് ഡൗൺ സമ്പൂർണ്ണം. അത്യാവശ്യ കാര്യങ്ങൾക്കായി ഉള്ളവർ മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയത്. വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. ഇളവുകൾ നൽകിയ മേഖലകളിൽ ഉള്ളവരും മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്കായുള്ള യാത്രകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗ്രീൻ സോണായതോടെ ജില്ലയിൽ വാഹന പരിശോധന കുറച്ചിരുന്നെങ്കിലും ഇന്നലെ വീണ്ടും പൊലീസ് ലോക്ക്ഡൗണിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. സ്വരാജ് റൗണ്ടിൽ രണ്ടിടത്ത് പൊലീസ് പരിശോധന ഉണ്ടായി. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. അതേസമയം ഇന്ന് ഒറ്റനിലകളിൽ പ്രവർത്തിക്കുന്ന ജ്വല്ലറികൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ആധാരമെഴുത്ത് ഓഫീസുകളും ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും.

ലോക്ക് ഡൗണിന്റെ ഭാഗമായി ഗ്രാമീണ മേഖലയും

നഗരത്തിലെ പോലെ ഗ്രാമീണ മേഖലയിലും ലോക്ക് ഡൗൺ ഇന്നലെ പൂർണ്ണമായിരുന്നു. പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബൈക്കുകൾ പോലും വളരെ കുറവ് മാത്രമേ പുറത്തിറങ്ങിയുള്ളൂ. വിലക്ക് ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ പിടികൂടി കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഭക്ഷണം കിട്ടാതെ വലഞ്ഞ് തെരുവിന്റെ മക്കൾ

സംരക്ഷണ കേന്ദ്രങ്ങൾ പൂട്ടി വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവർ ഇന്നലെ ഭക്ഷണം കിട്ടാതെ അലഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞവരെ കണ്ടെത്തി താമസിപ്പിച്ചിരുന്ന കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയതോടെയാണ് ഇവർക്ക് വീണ്ടും തെരുവിലേക്ക് പോകേണ്ടി വന്നത്. ഇന്നലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ രാവിലെ മുതൽ ഭക്ഷണം പോലും ലഭിക്കാതെ അലഞ്ഞു. രാവിലെ സ്വരാജ് റൗണ്ടിലെ വിവിധ ഭാഗങ്ങളിൽ ആരെങ്കിലും ഭക്ഷണം കൊണ്ട് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ലോക്ക് ഡൗൺ 17 വരെ ഉണ്ടായിട്ടും അതിനു മുമ്പ് തന്നെ സമൂഹിക അടുക്കളയും സംരക്ഷണ കേന്ദ്രവും നിറുത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോർപറേഷൻ നടത്തിയിരുന്ന സമൂഹ അടുക്കള ഇപ്പോൾ ഒല്ലൂരിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

പുറത്തിറങ്ങിയവർക്ക് സാക്ഷ്യപത്രം

ഇവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലായെന്ന് കാട്ടി ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ കുറിപ്പ് മാത്രം നൽകിയാണ് ഇവരെ പുറത്തേക്ക് വിട്ടത്. അന്യജില്ലക്കാരാണെങ്കിൽ അവിടേക്ക് പോകാമെന്ന് പറഞ്ഞതായും ഇവർ പറഞ്ഞു. പുറത്തുവന്ന പലരും മാസ്‌ക് പോലും ധരിക്കാതെയാണ് കറങ്ങി നടക്കുന്നത്.