car
കാറിൻ്റെ ചില്ല് തകർത്ത നിലയിൽ

എരുമപ്പെട്ടി: മണ്ടംപറമ്പിൽ കഞ്ചാവ് മാഫിയക്കെതിരെ പൊലീസിൽ പരാതി നൽകിയ യുവാവിന്റെ വീടിന് നേരെ ആക്രമണം. വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി വലിയ കല്ല് ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് ഇടിച്ച് തകർത്തു. പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകാത്തതാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് ആരോപണം.

മണ്ടംപറമ്പ് തിപ്പല്ലൂർ മതിപ്പുറം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം വടക്കേക്കര സന്ദീപിന്റെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ ആക്രമണം നടന്നത്. കടങ്ങോട് മണ്ടംപറമ്പ് പ്രദേശത്ത് യുവാക്കളിൽ കഞ്ചാവിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമാണെന്ന് പരാതിയുണ്ട്.

ഏപ്രിൽ 13 ന് കൂട്ടംകൂടിയിരുന്ന അപരിചിതർ ഉൾപ്പെടെയുള്ള യുവാക്കളെ പ്രദേശവാസിയായ സന്ദീപും മൊയ്തുവും ചോദ്യം ചെയ്തിരുന്നു. വാക്കേറ്റത്തിനിടെ സംഘം ഇവരെ ആക്രമിച്ച് കടന്നുകളന്നു. ഇതിന് ശേഷം സന്ദീപിനെ ആക്രമിക്കാൻ ക്രിമിനൽ സംഘം പദ്ധതിയിടുന്ന ശബ്ദ സന്ദേശം പുറത്താവുകയും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ഈ ശബ്ദ സന്ദേശം ഉൾപ്പെടെ സന്ദീപും മൊയ്തുവും രണ്ട് തവണ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വീടിന് നേരെ ആക്രമണം നടന്നതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചേർത്താണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.