എരുമപ്പെട്ടി: മാദ്ധ്യമ പ്രവർത്തക പ്രിയ എളവള്ളി മഠത്തിനെ സാമൂഹിക മാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാഴിയോട്ട്മുറി കുടക്കുഴി ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണവും ആരാധനയും നടത്തിയതിന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പെടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത ഏഷ്യാനെറ്റ് ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിൽ വന്നിരുന്നു. പ്രിയയുടെ തറവാടിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാർത്തയ്ക്ക് പിറകിൽ പ്രിയയും കുടുംബവുമാണെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിൽ വ്യാപക പ്രചരണമുണ്ടായത്. ഇസ്ലാം മത വിഭാഗത്തിൽപെട്ട ഭർത്താവിന്റെ നിർദ്ദേശ പ്രകാരമാണ് ക്ഷേത്രത്തെ കളങ്കപ്പെടുത്തിയതെന്ന തരത്തിൽ പ്രചരണം നടത്തി വർഗീയമായി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് ഇതിന് പിറകിലെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പ്രിയ പരാതിയിൽ പറയുന്നു.