മുറ്റിച്ചൂർ: തളർന്നു കിടക്കുന്ന ലക്ഷ്മിയെന്ന വയോധികയുടെ കുടുംബത്തിന് സംരക്ഷണമേകാൻ ഉണർന്നു പ്രവർത്തിച്ചത് സുധർമ്മ എന്ന അയൽക്കാരി.
പടിയം ചൂരക്കോട് ക്ഷേത്രത്തിന് തെക്കുവശം ചേണ്ടയിൽ ലക്ഷ്മിയുടെ (83) കുടുംബത്തിനാണ് അയൽക്കാരി തുണയായത്.

തളർന്നു കിടക്കുന്ന ലക്ഷ്മിക്ക് കണ്ണു കാണില്ല, ചെവിയും കേൾക്കില്ല. ഓട്ടോ ഡ്രൈവറായ മകൻ ജയേന്ദ്രന് കിട്ടിയിരുന്ന തുച്ചമായ തുക കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ലോക്ക് ഡൗണായതോടെ വരുമാനം നിലച്ച സാഹചര്യത്തിൽ ഈ കുടുംബത്തിന്റെ ദൈനം ദിന കാര്യങ്ങൾ അവതാളത്തിലായി. ജയേന്ദ്രന്റെ ഭാര്യയും രണ്ടു കുട്ടികളും ഒരുമിച്ച് ഓടിട്ട വീട്ടിലാണ് കഴിയുന്നത്. അറ്റകുറ്റ പണി നടത്താൻ കാശില്ലാതായതോടെ ഇവർ താമസിക്കുന്ന പഴയ വീട് ഒരു ഭാഗം വീഴാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ വീടിന്റെ അവസ്ഥ പരിതാപകരമാക്കി.

കൈയിൽ പണമില്ലാതായതോടെ മരുന്ന് വാങ്ങാനുള്ള തുകയ്ക്കായി സമീപവാസിയായ കൂളത്ത് വീട്ടിൽ രാമന്റെ ഭാര്യ സുധർമ്മയുടെ (82) അടുത്ത് ജയേന്ദ്രനെത്തി. ജയേന്ദ്രന്റെ വിഷമം കണ്ട് കാര്യം തിരക്കി വീട്ടിലെത്തിയപ്പോഴാണ് ചോർന്നൊലിക്കുന്ന നിലയിലുള്ള വീട്ടിലാണ് അമ്മ കിടക്കുന്നതെന്ന് സുധർമ്മയ്ക്ക് മനസിലായത്. എന്നാൽ ഇവരെ സഹായിക്കാൻ ഒറ്റയ്ക്ക് താമസിക്കുന്ന സുധർമ്മയുടെ വീട്ടിലും ആളുകൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഇവർ ബി.ജെ.പി പ്രവർത്തകരുടെ സഹായം തേടുന്നത്. വിവരമറിഞ്ഞെത്തിയ പ്രവർത്തകർ ചേർന്ന് വീടിന്റെ അത്യാവശ്യ പണികൾ ചെയ്ത് ലക്ഷ്മിക്ക് സുരക്ഷ ഉറപ്പാക്കി. ടാർപ്പായ ഷീറ്റുകൾ എത്തിച്ച് വീടിന് മുകളിൽ ഓടുകൾ തകർന്ന ഭാഗത്ത് ഇട്ട് മൂടി ചോർച്ചയും വെയിലും ഒഴിവാക്കി. ബി.ജെ.പി അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുളിക്കത്തറ, ജന.സെക്രട്ടറി ബിബിൻദാസ്, സനോജ് കല്ലാറ്റ്, ബാലൻ വാലപ്പറമ്പിൽ, ബ്രിജീഷ് കുന്നത്ത് എന്നിവരാണ് അടിയന്തര സഹായവുമായെത്തിയത്.