തൃശൂർ: മുപ്പത്തി രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ യുവ ദമ്പതികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാവക്കാട് താലൂക്കിലുള്ളവരാണിവർ. അബുദാബിയിൽ കൊവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായെന്നാണ് സൂചന. കഴിഞ്ഞ മുപ്പത്തിരണ്ട് ദിവസമായി ജില്ലയിൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല . ഏപ്രിൽ 8 നാണ് ജില്ലയിൽ ഇതിനു മുമ്പ് കൊവിഡ് പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

275 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശ സംബന്ധമായ രോഗമുളളവർ, കച്ചവടക്കാർ, പൊലീസ്, റേഷൻകടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസിനു മുകളിലുള്ളവർ, അന്തർസംസ്ഥാന യാത്രക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്. 302 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു.

നിരീക്ഷണത്തിൽ

ആകെ 1499 പേർ

വീടുകളിൽ 1484

ആശുപത്രികളിൽ 15

ഇന്നലെ

ആശുപത്രിയിൽ 5 പേർ

ആശുപത്രി വിട്ടത് 3 പേർ

പരിശോധനയ്ക്ക് അയച്ചത് 13 സാമ്പിളുകൾ

ഇതുവരെ

1361 സാമ്പിളുകൾ

ഫലം വന്നത് 1339

ഫലം ലഭിക്കാനുള്ളത് 22