divine
മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിലെ ഇംഗ്ലീഷ് വിഭാഗം കെട്ടിടം ക്വാറന്റൈനായി തയ്യാറാക്കുന്നു

ചാലക്കുടി: മാലി ദ്വീപിൽ നിന്നും കപ്പൽ മാർഗം എത്തിയ 23 പേരെ മുരിങ്ങൂർ ഡിവൈൻ സെന്ററിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ക്വാറന്റൈൻ ചെയ്തു. 150 പേർക്കാണ് ഇവിടെ സൗകര്യം ഒരുക്കിയത്. ശനിയാഴ്ച രാത്രി അബുദാബിയിൽ നിന്നെത്തിയ മലയാളികളെ ഡിവൈൻ കേന്ദ്രത്തിൽ ക്വാറന്റൈൻ ചെയ്യാനായില്ല. ഇതിനായി നേരത്തെ കണ്ടെത്തിയ മൂന്നു കെട്ടിടങ്ങളും കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം സൗകര്യമില്ലെന്ന് തെളിഞ്ഞു. ഇവരെ അർദ്ധരാത്രി തൃശൂരിലേയ്ക്ക് കൊണ്ടുപോയി.

തുടർന്നാണ് ഇവിടുത്തെ ഇംഗ്ലീഷ് വിഭാഗം കെട്ടിടം തിരഞ്ഞെടുത്തത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, തഹസിൽദാർ സി.എൻ. രാജു, കൊരട്ടി സി.ഐ: ബി.കെ. അരുൺ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. ബാബുവും സ്ഥത്തെത്തി. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പഞ്ചായത്താണ് ഭക്ഷണം എത്തിക്കുന്നത്.

മാലിയിൽ നിന്നും എത്തിയവരെ ക്വാറന്റൈൻ ചെയ്ത ശേഷം ചാലക്കുടി ഫയർഫോഴ്‌സ് ധ്യന കേന്ദ്ര പരിസരം അണുമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഇതിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 48 പേരെ നാലിടത്തായി ക്വാറന്റൈൻ ചെയ്തു. ചാലക്കുടിയിൽ മുപ്പതും പരിയാരത്ത് പതിനെട്ടും പേർ വീതമാണ് ക്വാറന്റൈനിൽ കഴിയുന്നത്.