കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗിരീഷ് ഫൗണ്ടേഷൻ്റെ ഇടപെടൽ നിരാംലംബരായ രോഗികൾക്ക് ആശ്വാസമായി. പുല്ലൂറ്റ് ചാപ്പാറ പന്തിരാംപാലയിൽ വയോധികനായ ഒരാൾക്കും മേത്തല എൽത്തുരുത്തിൽ കാൻസർ രോഗ ബാധിതയായ അറുപതുകാരിക്കും മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു. ലോകമലേശ്വരം വടക്കുവശത്തുള്ള അമ്പതുകാരനും മരുന്നെത്തിച്ച് നൽകി. കാൻസർ, കിഡ്നി, ഹൃദ്രോഗം തുടങ്ങി രോഗങ്ങൾ ഉള്ളവർക്ക് ആരോഗ്യ വകുപ്പ് , നഗരസഭ എന്നീ സ്ഥാപനങ്ങൾ മുഖേന മരുന്ന് നൽകുമെന്ന് ആരോഗ്യ സെക്രട്ടറിയുടെ സർക്കുലർ ഉണ്ടെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റി നിറുത്തപ്പെട്ട സാഹചര്യത്തിലാണ് ഗിരീഷ് ഫൗണ്ടേഷൻ ഇവർക്ക് തുണയായത്. ഫൗണ്ടേഷൻ ഭാരവാഹികളായ ഇ.എസ് സാബു, പി. ദിലീപ്, കെ.പി സുനിൽകുമാർ, സുനിൽ കളരിക്കൽ, കമറുദ്ദീൻ എന്നിവർ മരുന്ന് എത്തിച്ചു കൊടുക്കുന്നതിന് നേതൃത്വം നൽകി